ബിജെപി നേതാവിന്റെ മൃതദേഹം മരത്തില്‍, കൊലപാതകമെന്ന് ആരോപണം; പിന്നില്‍ തൃണമൂലെന്ന് പാര്‍ട്ടി 

കിഴക്കന്‍ മിഡ്‌നാപൂര്‍ ജില്ലയിലാണ് സംഭവം
ബിജെപി നേതാവിന്റെ മൃതദേഹം മരത്തില്‍, കൊലപാതകമെന്ന് ആരോപണം; പിന്നില്‍ തൃണമൂലെന്ന് പാര്‍ട്ടി 

കൊല്‍ക്കത്ത: ദിവസങ്ങള്‍ക്ക് മുന്‍പ് എംഎല്‍എയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ, പശ്ചിമ ബംഗാളില്‍ ബിജെപിയുമായി ബന്ധപ്പെട്ട് മറ്റൊരു സമാന സംഭവം. എംഎല്‍എയ്ക്ക് സമാനമായി ബിജെപിയുടെ പ്രാദേശിക നേതാവിനെയും മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃണമൂല്‍ കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

കിഴക്കന്‍ മിഡ്‌നാപൂര്‍ ജില്ലയിലാണ് സംഭവം. 44കാരനായ പൂര്‍ണചന്ദ്ര ദാസിനെയാണ് വീടിന് സമീപമുളള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് നോര്‍ത്ത് ദിനജ്പൂര്‍ ജില്ലയില്‍ സമാനമായ നിലയിലാണ് ബിജെപി എംഎല്‍എയുടെ മൃതദേഹം കണ്ടെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസാണ് ദാസിന്റെ മരണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

ബൂത്തിന്റെ ചാര്‍ജ്ജ് ഉണ്ടായിരുന്ന ദാസിനെ ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയി. രാത്രി അയല്‍വാസികള്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തങ്ങളുടെ പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ദാസിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. 

എന്നാല്‍ ദാസ് ഇതിന് തയ്യാറായിരുന്നില്ല. ദാസിന്റെ മരണത്തിന്റെ പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഈ ആരോപണം നിഷേധിച്ചു. കുടുംബത്തില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന കുടിപ്പകയാണ് മരണകാരണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com