ബിജെപിയുടെ ആതിഥ്യം അവസാനിപ്പിച്ച് തിരികെ വരൂ, ഇത് നിങ്ങള്‍ കൂടി കഠിനാധ്വാനം ചെയ്ത് രൂപീകരിച്ച സര്‍ക്കാര്‍ ; സച്ചിനെ തിരികെ ക്ഷണിച്ച് ദോത്സാരെ

രാജസ്ഥാനില്‍ നിയമസഭാസമ്മേളനം ഓഗസ്റ്റ് 24 ന് ചേരാന്‍ ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയതിന് പിന്നാലെയാണ് ഗോവിന്ദ് ദൊസ്താരെയുടെ പ്രസ്താവന
ബിജെപിയുടെ ആതിഥ്യം അവസാനിപ്പിച്ച് തിരികെ വരൂ, ഇത് നിങ്ങള്‍ കൂടി കഠിനാധ്വാനം ചെയ്ത് രൂപീകരിച്ച സര്‍ക്കാര്‍ ; സച്ചിനെ തിരികെ ക്ഷണിച്ച് ദോത്സാരെ

ജയ്പൂര്‍ : രാജസ്ഥാനില്‍ അശോക് ഗെഹലോട്ട് സര്‍ക്കാരിനെതിരെ വിമതനീക്കം നടത്തിയ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടിയിലേക്ക് തിരികെ ക്ഷണിച്ച് പുതിയ പ്രസിഡന്റ്. ബിജെപിയുടെയും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെയും ആതിഥ്യം അവസാനിപ്പിച്ച് സച്ചിനും കൂട്ടരും പാര്‍ട്ടിയിലേക്ക് തിരികെ വരണമെന്ന് പുതിയ പിസിസി പ്രസിഡന്റ് ഗോവിന്ദ് സിങ് ദോത്സാരെ ആവശ്യപ്പെട്ടു. 

നിങ്ങള്‍ അടക്കം കഠിനാധ്വാനം ചെയ്ത് രൂപീകരിച്ച സര്‍ക്കാരിനെ സംരക്ഷിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബഹുമാനം നിലനിര്‍ത്താനും നിങ്ങള്‍ ജയ്പൂരിലേക്ക് തിരികെ വന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ട്വിറ്റര്‍ സന്ദേശത്തില്‍ ഗോവിന്ദ് ദോത്സാരെ അഭിപ്രായപ്പെട്ടു. 

രാജസ്ഥാനില്‍ നിയമസഭാസമ്മേളനം ഓഗസ്റ്റ് 24 ന് ചേരാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര ഉത്തരവ് ഇറക്കിയതിന് പിന്നാലെയാണ് ഗോവിന്ദ് ദൊസ്താരെയുടെ പ്രസ്താവന. നിയമസഭ സമ്മേളനത്തില്‍ സച്ചിനെയും കൂട്ടരെയും അയോഗ്യരാക്കാനാണ് മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെയും കൂട്ടരുടെയും നീക്കം. 

രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ രാജസ്ഥാന്‍ പിസിസി പ്രസിഡന്റായി ചുമതലയേറ്റ ഗോവിന്ദ് സിങ് ദോത്സാരെയെ അഭിനന്ദിച്ച് സച്ചിന്‍ പൈലറ്റ് ട്വീറ്റ് ചെയ്തിരുന്നു. യാതൊരു സമ്മര്‍ദ്ദവും പക്ഷപാതവുമില്ലാതെ പുതിയ പിസിസി പ്രസിഡന്റ് ഗോവിന്ദ് സിങ് ദോത്സാരെ പ്രവര്‍ത്തിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയിലേക്ക് തിരികെ വരണമെന്ന് അഭ്യര്‍ത്ഥിച്ച് ദോത്സാരെയുടെ ട്വീറ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com