വാതില്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്നു, കവര്‍ന്നത് 13 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ; കവര്‍ച്ചയുടെ 'ബുദ്ധികേന്ദ്ര'ത്തെ അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ ഞെട്ടി

പ്രതികളില്‍ നിന്നും അരലക്ഷം രൂപയും 8.96 ലക്ഷം രൂപയുടെ ആഭരണങ്ങളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


താനെ : മഹാരാഷ്ട്രയിലെ താനെയില്‍ മെഡിക്കല്‍ ഷോപ്പ് ഉടമയുടെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും അടക്കം 13 ലക്ഷം രൂപയോളം കവര്‍ച്ച ചെയ്ത സംഭവത്തില്‍ നാടകീയ വഴിത്തിരിവ്. കവര്‍ച്ച ആസൂത്രണം ചെയ്തത് പരാതിക്കാരിയായ സ്ത്രീയുടെ മകളാണെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഭിവാന്‍ഡി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാജ്കുമാര്‍ ഷിന്‍ഡെ പറഞ്ഞു. 

സംഭവത്തില്‍ യുവതിയുടെ സുഹൃത്തുക്കളായ രണ്ടുപേരെ പൊലീസ് പിടികൂടി. ഭിവാന്‍ഡി നഗരത്തിലെ കാമാത് നഗര്‍ പ്രദേശത്തെ വീട്ടില്‍ നിന്നുമാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. മുന്‍വാതില്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് പ്രതികള്‍ വീടിന് അകത്തു കടന്നതെന്ന് പൊലീസ് കണ്ടെത്തി. 

തുടര്‍ന്ന് വീട്ടിലെ അടുക്കളയിലിരുന്ന ബോക്‌സിലാണ് പണവും സ്വര്‍ണവും നിറച്ച് കടത്തിയതെന്നും പൊലീസ് പറഞ്ഞു. പരാതിക്കാരിയുടെ മകളായ 21 കാരിയാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ആണ്‍സുഹൃത്തായ പ്രതീക് തുഷാര്‍ ലാലെയെ വിവാഹം കഴിക്കാനും തുടര്‍ന്ന് ജീവിക്കുന്നതിനും വേണ്ട പണം കണ്ടെത്താനാണ് കവര്‍ച്ച ആസൂത്രണം ചെയ്തത് എന്ന് ഡിപിസി പറഞ്ഞു. 

ഇതിനായി പ്രതീക് ലാലെയെയും മറ്റൊരു സുഹൃത്ത് ഹേമന്ത് ദിലീപ് സൗന്ദാനെയെയും കവര്‍ച്ചയ്ക്കായി നിയോഗിക്കുകയായിരുന്നു. സ്വര്‍ണവും പണവുമായി പ്രതികള്‍ ധൂലെ ജില്ലയിലേക്ക് കടന്നു എന്നുമനസ്സിലാക്കിയ പൊലീസ് ഉടന്‍ അവിടെയെത്തി അവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

പ്രതികളില്‍ നിന്നും അരലക്ഷം രൂപയും 8.96 ലക്ഷം രൂപയുടെ ആഭരണങ്ങളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കവര്‍ച്ച ആസൂത്രണം ചെയ്ത പരാതിക്കാരിയുടെ മകള്‍ ആയുര്‍വേദ ഡോക്ടര്‍ വിദ്യാര്‍ത്ഥിയാണ്. കേസില്‍ ഇവരെയും പ്രതി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com