3000 രൂപയുടെ ഒരു കുപ്പി റെംഡെസിവിറിന് 15,000 രൂപ, കോവിഡ് മരുന്ന് കരിഞ്ചന്തയില്‍; പരാതി 

കോവിഡിനെതിരെയുളള ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍ തമിഴ്‌നാട്ടില്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്
3000 രൂപയുടെ ഒരു കുപ്പി റെംഡെസിവിറിന് 15,000 രൂപ, കോവിഡ് മരുന്ന് കരിഞ്ചന്തയില്‍; പരാതി 

ചെന്നൈ: കോവിഡിനെതിരെയുളള ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍ തമിഴ്‌നാട്ടില്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഒരു ചെറിയ കുപ്പിക്ക് 3100 രൂപയും 12 ശതമാനം ജിഎസ്ടിയും ചേര്‍ന്നുളള വിലയ്ക്കാണ് തമിഴ്‌നാട് സര്‍ക്കാര്‍ റെഡെസിവിര്‍ സംഭരിക്കുന്നത്. എന്നാല്‍ കരിഞ്ചന്തയില്‍ ആവശ്യക്കാരില്‍ നിന്ന് ഒരു കുപ്പിക്ക് 15,000 രൂപ വരെ ഈടാക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില ഏജന്റുമാരാണ് ഇതിന്റെ ഇടനിലക്കാരായി നില്‍ക്കുന്നത്.

കോവിഡിനെതിരെയുളള ചികിത്സയ്ക്ക് ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍ ഉപയോഗിക്കാന്‍ അടുത്തകാലത്താണ് ഐസിഎംആര്‍ അനുമതി നല്‍കിയത്. ഇതിന്റെ വര്‍ധിച്ച ആവശ്യകത കണക്കുകൂട്ടിയാണ് നിയമവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നത്.  തമിഴ്‌നാട് സര്‍ക്കാര്‍ കുറഞ്ഞ വിലയ്ക്ക് സംഭരിക്കുന്ന മരുന്നിന്റെ പരമാവധി വില 5000 രൂപയും 12 ശതമാനം ജിഎസ്ടിയുമാണ്.ആറു കുപ്പികള്‍ക്ക് 18600 രൂപയും ജിഎസ്ടിയും ചേര്‍ന്ന വിലയ്ക്കാണ് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മരുന്ന് നല്‍കുന്നത്. ഇതാണ് ഒരു കുപ്പിക്ക് 15000 രൂപ വരെ ഈടാക്കി കരിഞ്ചന്തയില്‍ വിറ്റഴിക്കുന്നതെന്ന്്് റിപ്പോര്‍ട്ടില്‍ പറയുന്നു.

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ റെംഡെസിവിറിന് ആവശ്യമായ സ്റ്റോക്കുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ലഭ്യതയില്‍ കുറവുണ്ട്. ഇത് അവസരമാക്കിയാണ് ഏജന്റുമാര്‍ കരിഞ്ചന്തയില്‍ വിറ്റ് കൊളളലാഭം ഉണ്ടാക്കുന്നത്. സ്വന്തമായി മരുന്ന് വിതരണ കേന്ദ്രമോ, ആശുപത്രികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരോ ആണ് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യക്കാരെ ഡോക്ടര്‍മാര്‍ വഴി സമീപിച്ചാണ് വില്‍പ്പന നടക്കുന്നത്. ആവശ്യക്കാര്‍ ആയതിനാല്‍ കൂടിയ വില നല്‍കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്ന സ്ഥിതിവിശേഷമാണ് നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ട്രിച്ചിയിലെ ഒരു രോഗി ആറ് കുപ്പികള്‍ക്ക് 75,000 രൂപയാണ് നല്‍കിയത്. സ്വകാര്യ ആശുപത്രിയില്‍ നിന്ന് മരുന്ന് ലഭിക്കാത്ത സാഹചര്യം വന്നതിനെ തുടര്‍ന്നാണ് കരിഞ്ചന്തയെ ആശ്രയിച്ചത്. കൂടിയ വിലയ്ക്ക്് മരുന്ന് വാങ്ങേണ്ടി വന്ന രോഗി ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പരാതി നല്‍കിയിട്ടുണ്ട്.  

എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാനുളള സാധ്യതയില്ലെന്ന്് തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കെ ശിവബാലന്‍ പറയുന്നു. രോഗിക്ക് നേരിട്ട്് മരുന്ന് ലഭിക്കാനുളള ഒരു സാധ്യതയുമില്ല. ചില്ലറ വില്‍പ്പന ശാലകളില്‍ മരുന്ന് എത്തിയിട്ടില്ല. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മാത്രമാണ് മരുന്ന് ലഭിക്കുന്നത്. പരിമിതമായ സ്റ്റോക്ക് മാത്രമാണ് ഉളളത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com