സിനിമയിൽ സൈനിക രം​ഗങ്ങൾ കാണിക്കാൻ ഇനി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി വേണം

സിനിമയിൽ സൈനിക രം​ഗങ്ങൾ കാണിക്കാൻ ഇനി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി വേണം
സിനിമയിൽ സൈനിക രം​ഗങ്ങൾ കാണിക്കാൻ ഇനി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി വേണം

ന്യൂഡൽഹി: ഇനി മുതൽ സിനിമകളിലും മറ്റും സൈനിക ഉള്ളടക്കമുള്ള ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്യാൻ പ്രതിരോധ മന്ത്രാലയത്തിന്റെ എൻഒസി നിർബന്ധം. ചില വെബ് സീരീസുകളിൽ സായുധ സേനയെ മോശമായി അവതരിപ്പിച്ചുവെന്ന് ആരോപിച്ചുള്ള പരാതികളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

സിനിമ/ഡോക്യുമെന്ററി/വെബ് സീരീസ് എന്നിവയിൽ സൈനിക ഉള്ളടക്കമുള്ള ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ടവർ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് അനുമതി വാങ്ങണമെന്നാണ് നിർദേശം. ഇക്കാര്യം നിർമാതാക്കളെ അറിയിക്കാൻ സെൻട്രൽ ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്, ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, വിവര പ്രക്ഷേപണ മന്ത്രാലയം എന്നിവയ്ക്ക് പ്രതിരോധ മന്ത്രാലയം കത്തയച്ചു.

സൈനിക ഉദ്യോഗസ്ഥരേയും സൈനിക യൂണിഫോമിനേയും അപമാനിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾക്കെതിരേ ശക്തമായ എതിർപ്പ് ഉന്നയിച്ച് പ്രതിരോധ മന്ത്രാലയത്തിന് വ്യാപകമായ പരാതി ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. സീ 5ലെ 'കോഡ് എം', എഎൽടി ബാലാജിയിലെ 'XXX അൺസെൻസേർഡ് (സീസൺ 2)' എന്നിവയടക്കമുള്ള ചില വെബ് സീരീസുകളിലുള്ള സൈന്യവുമായി ബന്ധപ്പെട്ട രംഗങ്ങൾ യാഥാർഥ്യത്തിൽ നിന്ന് വളരെ അകലെയാണ്. ഇതിൽ സായുധ സേനയെ വികലമായാണ് അവതരിപ്പിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. 

വെബ് സീരീസിന്റെ നിർമാതാവിനും ഒടിടി പ്ലാറ്റ്ഫോമിനുമെതിരേ നിയമ നടപടി ആവശ്യപ്പെട്ട് മുൻ സൈനിക ഉദ്യോഗസ്ഥരുടെ അസോസിയേഷനുകളും മറ്റും എഎൽടി ബാലാജി ചാനലിനെതിരേ നേരത്തെ കേസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക ഉള്ളടക്കമുള്ള ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്യാൻ പ്രതിരോധ മന്ത്രാലയം എൻഒസി നിർബന്ധമാക്കിയത്. മന്ത്രാലയം ഏറെ കൂടിയാലോചനകൾക്ക് ശേഷമെടുത്ത തീരുമാനമാണിതെന്ന് അധികൃതർ വിശദീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com