അദൃശ്യരും അജയ്യരും തമ്മിലുളള പോരാട്ടം, ആരോഗ്യപ്രവര്‍ത്തകര്‍ വിജയിക്കുക തന്നെ ചെയ്യും; ടെലിമെഡിസിന്‍ ഉള്‍പ്പെടെ മൂന്ന് കാര്യങ്ങള്‍ സുപ്രധാനം: പ്രധാനമന്ത്രി

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മൂന്ന് കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളും പങ്കാളിത്തവും ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു
അദൃശ്യരും അജയ്യരും തമ്മിലുളള പോരാട്ടം, ആരോഗ്യപ്രവര്‍ത്തകര്‍ വിജയിക്കുക തന്നെ ചെയ്യും; ടെലിമെഡിസിന്‍ ഉള്‍പ്പെടെ മൂന്ന് കാര്യങ്ങള്‍ സുപ്രധാനം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മൂന്ന് കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളും പങ്കാളിത്തവും ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ടെലി മെഡിസിന്‍ മേഖലയില്‍ എങ്ങനെ കൂടുതല്‍ പുരോഗതി കൈവരിക്കാം എന്നതാണ് ഏറ്റവുമധികം ചര്‍ച്ചകള്‍ നടക്കേണ്ട ഒരു സുപ്രധാന മേഖല. ആരോഗ്യമേഖലയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി എങ്ങനെ കൂടുതലായി പ്രയോജനപ്പെടുത്താം, ആരോഗ്യമേഖലയ്ക്കായി ഐടി അനുബന്ധ ഉപകരണങ്ങള്‍ കൂടുതലായി വികസിപ്പിച്ചെടുക്കല്‍ എന്നിവയാണ് കൂടുതല്‍ ചര്‍ച്ചകളും പങ്കാളിത്തവും ഉറപ്പുവരുത്തേണ്ട മറ്റു മേഖലകളെന്നും മോദി പറഞ്ഞു. ബംഗളൂരുവിലെ രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ സില്‍വര്‍ ജൂബിലി ആഘോഷം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

'ടെലി മെഡിസിന്‍ പുരോഗതിയാണ് ഒന്നാമത്തേത്. ടെലി മെഡിസില്‍ വലിയ തോതില്‍ പ്രയോജനപ്പെടുത്താന്‍ പുതിയ മോഡലുകളെ കുറിച്ച് ചിന്തിക്കണം. അടുത്തത് ആരോഗ്യമേഖലയിലെ മെയ്ക്ക് ഇന്‍ ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിലെ പ്രാരംഭനേട്ടങ്ങള്‍ എനിക്ക് ശുഭാപ്തി വിശ്വാസം നല്‍കുന്നു. നമ്മുടെ ആഭ്യന്തര നിര്‍മാതാക്കള്‍ പിപിഇകളുടെ ഉത്പാദനം ആരംഭിക്കുകയും ഒരു കോടിയോളം പിപിഇ കിറ്റുകള്‍ കോവിഡ് യോദ്ധാക്കള്‍ക്ക് വിതരണം ചെയ്യുകയുമുണ്ടായി. മൂന്നാമത്തേത് ആരോഗ്യ മേഖലയിലെ ഐടി അനുബന്ധ ഉപകരങ്ങളാണ്. 'ആരോഗ്യസേതു' സംബന്ധിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ആരോഗ്യബോധമുള്ള 12 കോടി ആളുകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്തു. കൊറോണക്കെതിരായ പോരാട്ടത്തിന് ഇത് വളരെയേറെ സഹായകരമാണ്'- പ്രധാനമന്ത്രി പറഞ്ഞു.

 കോവിഡിനെതിരായ  ഇന്ത്യയുടെ പോരാട്ടത്തിന് നേതൃത്വം നല്‍കിയത് മെഡിക്കല്‍ സമൂഹവും കൊറോണ യോദ്ധാക്കളുമാണ്.കൊറോണക്കെതിരെ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരായ അക്രമം, ദുരുപയോഗം, മോശം പെരുമാറ്റം എന്നിവ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.'വൈറസ് ഒരു അദൃശ്യ ശത്രുവായിരിക്കാം. എന്നാല്‍ നമ്മുടെ യോദ്ധാക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ അജയ്യരാണ്. അദൃശ്യരും അജയ്യരും തമ്മിലുള്ള പോരാട്ടത്തില്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ വിജയിക്കുമെന്ന് ഉറപ്പാണ്'- പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, എംബിബിഎസില്‍ 30,000 സീറ്റുകളും ബിരുദാനന്തര ബിരുദത്തില്‍ 15,000 സീറ്റുകളും ചേര്‍ക്കാന്‍  കഴിഞ്ഞു. ഇന്ത്യയെപ്പോലുളള ഒരു രാജ്യത്തിന് ശരിയായ മെഡിക്കല്‍ അടിസ്ഥാനസൗകര്യങ്ങളും മെഡിക്കല്‍ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണം.രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളേജ് അല്ലെങ്കില്‍ ബിരുദാനന്തര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com