നിസര്‍ഗ ചുഴലിക്കാറ്റ് ഉഗ്രരൂപിയായി തീരത്തേക്ക് ; മുംബൈയില്‍ നിരോധനാജ്ഞ ; അതീവ ജാഗ്രതാനിര്‍ദേശം ( വീഡിയോ)

മഹാരാഷ്ട്ര, ഗുജറാത്ത., ഗോവ തീരമേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്
നിസര്‍ഗ ചുഴലിക്കാറ്റ് ഉഗ്രരൂപിയായി തീരത്തേക്ക് ; മുംബൈയില്‍ നിരോധനാജ്ഞ ; അതീവ ജാഗ്രതാനിര്‍ദേശം ( വീഡിയോ)

മുംബൈ : അറബിക്കടലില്‍ രൂപം കൊണ്ട നിസര്‍ഗ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി മാറി ഇന്ത്യന്‍ തീരത്തോട് അടുക്കുന്നു. ഉച്ചകഴിഞ്ഞ് ഒരു മണിയ്ക്കും നാലുമണിയ്ക്കും ഇടയില്‍ മഹാരാഷ്ട്രയിലെ അലിബാഗില്‍ കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  ചുഴലിക്കാറ്റ് ഇപ്പോള്‍ അലിബാഗിന് 95 കിലോമീറ്റര്‍ അടുത്തെത്തിയതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിലവില്‍ 80-90 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ്, കരയില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വേഗത കൈവരിച്ച് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയുമുണ്ടാകും. കടലാക്രമണവും രൂക്ഷമാകും. മഹാരാഷ്ട്ര, ഗുജറാത്ത., ഗോവ തീരമേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു.

ചുഴലിക്കാറ്റിന്‍രെ പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈ, താനെ റായ്ഗഡ് തുടങ്ങിയ മേഖലകളില്‍ ശക്തമായ മഴയും കടല്‍ ക്ഷോഭവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റായ്ഗഡിലുണ്ടായ ശക്തമായ കാറ്റില്‍ കനത്തനാശനഷ്ടങ്ങളാണുണ്ടായത്. ചുഴലിക്കാറ്റ് മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും. വിമാനത്താവളത്തില്‍ നിന്നുള്ള ഒട്ടേറെ സര്‍വീസുകള്‍ റദ്ദാക്കി.

മഹാരാഷ്ട്രയുടെയും ഗുജറാത്തിന്‍റെയും തീരപ്രദേശങ്ങളില്‍നിന്നു പതിനായിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു. മഹാരാഷ്ട്രിയിൽനിന്ന് 40,000ൽ അധികം ആളുകളെ മാറ്റി പാർപ്പിച്ചെന്നാണ് ദുരന്ത നിവാരണ സേന അധികൃതർ അറിയിച്ചത്. സംസ്ഥാനം ഇതുവരെ അഭിമുഖീകരിച്ച ചുഴലിക്കാറ്റുകളിൽ ഏറ്റവും ഭീകരമാണ് നിസർഗയെന്നും എല്ലാവരും സുരക്ഷിതമായി വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യർഥിച്ചു.

കരയില്‍ പ്രവേശിച്ച് വടക്ക്–കിഴക്ക് ദിശയില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍വരെ വേഗത്തില്‍ പാല്‍ഘര്‍ വഴി ഗുജറാത്ത് തീരത്തേക്കു നീങ്ങുമെന്നാണു വിലയിരുത്തല്‍. കാറ്റിന്‍റെ സഞ്ചാരപാതയിലുള്ള വ്യവസായശാലകളും പവര്‍ പ്ലാന്‍റുകളും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുംബൈ, താനെ, പുണെ, റായ്‍ഗഡ്, പാല്‍ഘര്‍, കൊങ്കണ്‍ ജില്ലകളില്‍ കനത്ത കാറ്റും മഴയും ലഭിക്കും. കൊങ്കണ്‍വഴിയുള്ള റെയില്‍ഗതാഗതത്തിനും നിയന്ത്രണമുണ്ട്.

ഒരുലക്ഷത്തോളം പേരുടെ ജീവനെടുത്ത 1882ലെ ചുഴലിക്കാറ്റാണ് മുംബൈയെ ഇതിനുമുമ്പ് പിടിച്ചുകുലുക്കിയത്. സമീപകാലത്തൊന്നും മറ്റൊരു ചുഴലിക്കാറ്റും മുംബൈ തീരമേഖലയിലേക്ക് അഭിമുഖമായി വന്നിട്ടില്ല. ചുഴലിക്കാറ്റ് മുൻകരുതൽ എന്ന നിലയിൽ മുംബൈയിലെ കോവിഡ് ക്വാറന്റീൻ സെന്ററിൽ നിന്നും 150 കോവിഡ് രോ​ഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com