മഹാരാഷ്ട്രയിൽ ആഞ്ഞടിച്ച് 'നിസർ​ഗ'; പരക്കെ മഴ; കാറ്റ് മൂന്ന് മണിക്കൂറോളം കരയിൽ; ജാ​ഗ്രത (വീഡിയോ)

മഹാരാഷ്ട്രയിൽ ആഞ്ഞടിച്ച് നിസർ​ഗ; പരക്കെ മഴ; കാറ്റ് മൂന്ന് മണിക്കൂറോളം കരയിലുണ്ടാകും; ജാ​ഗ്രത (വീഡിയോ)
മഹാരാഷ്ട്രയിൽ ആഞ്ഞടിച്ച് 'നിസർ​ഗ'; പരക്കെ മഴ; കാറ്റ് മൂന്ന് മണിക്കൂറോളം കരയിൽ; ജാ​ഗ്രത (വീഡിയോ)

മുംബൈ: അറബിക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം നിസർഗ ചുഴലിക്കാറ്റായി മഹാരാഷ്ട്രയിൽ ആഞ്ഞടിച്ചു. മുംബൈയ്ക്ക്‌ 100 കിലോമീറ്റർ അകലെ അലിബാഗിലാണ് നിസർഗ തീരം തൊട്ടത്. 110 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റടിച്ചതെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിൽ കനത്ത മഴ തുടരുകയാണ്. 

ജാ​ഗ്രതയെ തുടർന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വൈകീട്ട് ഏഴ് മണിവരെയാണ് വിമാത്താവളം അടച്ചത്. 

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കാറ്റ് മുംബൈ, താനെ ജില്ലകളിലേക്ക് പ്രവേശിക്കും. മൂന്ന് മണിക്കൂറോളം കാറ്റ് കരയിൽ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിസർഗ മുംബൈയിലും താനെയിലും പാൽഘറിലും റായ്ഗഢിലും നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പുണ്ട്.

മുൻകരുതൽ നടപടിയായി പാൽഘർ മേഖലയിൽ നിന്ന് ഒട്ടേറെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കുകയും വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തിട്ടുണ്ട്. തീരപ്രദേശത്തെ കുടിലുകളും വീടുകളും മുൻകരുതൽ നടപടികളുടെ ഭാഗമായി ഒഴിപ്പിച്ചു.

ചുഴലിക്കാറ്റിന്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ മുംബൈയിലും നവി മുംബൈയിലും കനത്ത മഴ പെയ്തുവരികയാണ്. മുംബൈയിലെ ആശുപത്രികളിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്നത് തുടരുന്നതിനിടയിൽ കൊടുങ്കാറ്റിനെത്തുടർന്ന് അടിയന്തര ചികിത്സ വേണ്ടുന്നവർക്കായുള്ള സജ്ജീകരണങ്ങളും ആശുപത്രികളിൽ തയ്യാറാക്കുന്നുണ്ടെന്ന് മുംബൈ മുനിസിപ്പൽ കോർപറേഷൻ ആരോഗ്യ വിഭാഗം പറഞ്ഞു.

ബാന്ദ്ര കുർള കോംപ്ലക്‌സിലെ താത്കാലിക കോവിഡ് ആശുപത്രിയിൽ നിന്ന് 250 രോഗികളെ മുൻകരുതലിന്റെ ഭാഗമായി വർളി സ്‌പോർട്‌സ് ക്ലബിലെ കോവിഡ് സെന്ററിലേക്ക് മാറ്റി. അടിയന്തര സാഹചര്യം നേരിടാൻ 16 യൂണിറ്റ് ദുരന്ത നിവാരണ സേനയെ സംസ്ഥാനത്ത് വിന്യസിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com