അച്ഛന്‍ മരിച്ചിട്ട് മാസം ഒന്നായില്ല, അമ്മ രണ്ടാം വിവാഹം കഴിച്ചു; രണ്ടാനച്ഛനെ 15കാരന്‍ വെടിവെച്ചു കൊന്നു

അമ്മ നല്‍കിയ പരാതിയില്‍ മകനെതിരെ പൊലീസ് കേസെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പത്താംക്ലാസുകാരന്‍ രണ്ടാനച്ഛനെ വെടിവെച്ചു കൊന്നു. അമ്മ നല്‍കിയ പരാതിയില്‍ മകനെതിരെ പൊലീസ് കേസെടുത്തു. 15കാരനായ മകനും കൊലപാതകത്തിന് കൂട്ടുനിന്ന മൂന്നു കൂട്ടുകാരും ഒളിവിലാണ്.

സുല്‍ത്താന്‍പൂരില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. 40കാരനെയാണ് പത്താംക്ലാസുകാരന്‍ കൊലപ്പെടുത്തിയത്. വെടിവെച്ച ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. 

2019ലാണ് പത്താംക്ലാസുകാരന്റെ അമ്മ രണ്ടാം വിവാഹം കഴിക്കുന്നത്. ആദ്യ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നായിരുന്നു പുനര്‍വിവാഹം. പത്താം ക്ലാസുകാരന്റെ അച്ഛന്‍ ഹൃദയാഘാതം വന്നാണ് മരിച്ചത്. അച്ഛന്‍ മരിച്ച് കഷ്ടിച്ച് ഒരു മാസമാകുന്നതിന് മുന്‍പ് രണ്ടാം വിവാഹത്തിന് അമ്മ സമ്മതം മൂളിയതില്‍ മകന്‍ ഒട്ടും സംതൃപ്തനായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. 

രണ്ടാം വിവാഹത്തിന് ശേഷം കൂട്ടുകാരൊടൊപ്പമാണ് മകന്‍ കഴിഞ്ഞത്. 40കാരനായ പുനീതിനെ അച്ഛനായി അംഗീകരിക്കാന്‍ അമ്മ പലതവണ ശ്രമിച്ചെങ്കിലും മകന്‍ ഇതിന് തയ്യാറായിരുന്നില്ല. അച്ഛന്റെ മരണത്തില്‍ ഇരുവരെയും മകന്‍ കുറ്റം പറയാറുണ്ടായിരുന്നു. ഇതിനെ ചൊല്ലി വഴക്കും പതിവായിരുന്നു. നേരത്തെ മൂന്നു തവണ രണ്ടാനച്ഛനെ കൊലപ്പെടുത്താന്‍ 15കാരന്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു.

ചൊവ്വാഴ്ച വൈകീട്ട് ഇളയ സഹോദരനുമായി ബൈക്കില്‍ വരികയായിരുന്നു രണ്ടാനച്ഛന്‍. വഴിമധ്യേ 15കാരനും കൂട്ടുകാരും തടഞ്ഞു.തുടര്‍ന്ന് ഇരുമ്പു ദണ്ഡിന് 40കാരനെ ആക്രമിക്കുകയായിരുന്നു. അതിനിടെ ഇളയ സഹോദരന്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഈ സന്ദര്‍ഭത്തില്‍ 15കാരന്‍ 40കാരന് നേര്‍ക്ക് നിറയൊഴിച്ചുവെന്ന് പൊലീസ് പറയുന്നു.  ഇതിന് പിന്നാലെ അമ്മയുടെ അടുത്തേക്ക് ഓടിയെത്തിയ മകന്‍ നടന്ന കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com