ഇനി കാണുന്നതിന് മുൻപ് ​​ഗുജറാത്തി കിച്ചഡി ഉണ്ടാക്കിയിരിക്കും; നരേന്ദ്ര മോദിയോട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ഇനി കാണുന്നതിന് മുൻപ് ​​ഗുജറാത്തി കിച്ചഡി ഉണ്ടാക്കിയിരിക്കും; നരേന്ദ്ര മോദിയോട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
ഇനി കാണുന്നതിന് മുൻപ് ​​ഗുജറാത്തി കിച്ചഡി ഉണ്ടാക്കിയിരിക്കും; നരേന്ദ്ര മോദിയോട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്ത തവണ കാണുന്നതിന്​ മുൻപ് തന്റെ അടുക്കളയിൽ ഗുജറാത്തി കിച്ചഡി ഉണ്ടാക്കി നോക്കുമെന്ന്​ ഓസ്​ട്രേലിയൻ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസൺ. അദ്ദേഹത്തിന്റെ ഇഷ്​ട വിഭവമാണ്​ ഗുജറാത്തി കിച്ചഡിയെന്ന്​​ മോദി തന്നോട്​ പറഞ്ഞിട്ടുണ്ടെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു.

മോദിയുടെ പ്രശസ്​തമായ ആലിംഗനം നേടാനും താൻ ഉണ്ടാക്കിയ സമൂസ പങ്കുവെക്കാനും അദ്ദേഹത്തിനരികിൽ ഉണ്ടായിരുന്നെങ്കിലെന്ന്​ ആഗ്രഹിക്കുകയാണെന്നും സ്കോട്ട് മോറിസൺ  വ്യക്തമാക്കി. മോദിയുമായി നടത്തിയ വീഡിയോ കൂടിക്കാഴ്​ചക്കിടെയാണ്​ മോറിസണിന്റെ അഭിപ്രായ പ്രകടനം.

വെർച്വൽ കൂടിക്കാഴ്​ചയിൽ ഇരുവരും തമ്മിൽ നിരവധി സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു. ജി 20, ഇന്തോ- പസിഫിക്​ തുടങ്ങിയവയും ചർച്ചയിൽ വിഷയങ്ങളായി.

ഓസ്​ട്രേലിയൻ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്​ച സമൂസയും മാങ്ങാ ചമ്മന്തിയും ഉണ്ടാക്കി അതിന്റെ ചിത്രം ട്വിറ്ററിലിട്ടിരുന്നു. നരേന്ദ്ര മോദിയുമായി അത്​ പങ്കുവെക്കാൻ താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. ‘ഇന്ത്യൻ മഹാസമുദ്രത്താൽ ബന്ധിക്കപ്പെട്ടു, ഇന്ത്യൻ സമൂസയാൽ ഐക്യപ്പെട്ടു’ എന്നായിരുന്നു ഈ ട്വീറ്റിന്​ പ്രധാനമന്ത്രിയുടെ മറുപടി.

‘‘ഇന്ത്യയും ആസ്​ട്രേലിയയും തമ്മിൽ എപ്പോഴും അടുത്ത ബന്ധമാണ്​. ഊർജ്ജസ്വലമായ ജനാധിപത്യ രാഷ്​ട്രങ്ങളെന്ന നിലയിൽ കോമൺവെൽത്ത്​ മുതൽ ക്രിക്കറ്റും അടുക്കളയും​ വരെ നമ്മുടെ ജനങ്ങൾ തമ്മിലുള്ള ബന്ധം സുദൃഢവും ഭാവി ശോഭനവുമാണ്​.’’-മോദി ട്വീറ്റ്​ ചെയ്​തു.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ നാല്​ തവണയാണ്​ ഇരു പ്രധാനമന്ത്രിമാരും തമ്മിൽ കൂടിക്കാഴ്​ച നടത്തിയത്​. എന്നാൽ മോറിസണിന്​ രണ്ട്​ തവണ ഇന്ത്യ സന്ദർശനം റദ്ദാക്കേണ്ടി വന്നു. ഓസ്ട്രേലിയയിൽ കാട്ടുതീ പടർന്നതിനെ തുടർന്ന്​ ജനുവരിയിലായിരുന്നു ആദ്യ തവണ യാത്ര റദ്ദാക്കിയത്​. കോവിഡ്​ 19 വ്യാപനത്തെ തുടർന്ന്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ രണ്ടാം തവണയും മോറിസണിന്​ ഇന്ത്യ യാത്ര റദ്ദു ചെയ്യേണ്ടി വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com