കെ വി കാമത്ത് കേന്ദ്രമന്ത്രിസഭയിലേക്ക് ?; കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലേക്ക് മല്‍സരിച്ചേക്കും, സുധമൂര്‍ത്തിയും ബിജെപി പരിഗണനയില്‍

മംഗളൂരു സ്വദേശിയായ കാമത്തിന് ബിജെപി കേന്ദ്രനേതൃത്വവുമായി അടുത്ത ബന്ധമാണുള്ളത്
കെ വി കാമത്ത് കേന്ദ്രമന്ത്രിസഭയിലേക്ക് ?; കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലേക്ക് മല്‍സരിച്ചേക്കും, സുധമൂര്‍ത്തിയും ബിജെപി പരിഗണനയില്‍

ബംഗളൂരു: ഐസിഐസിഐ ബാങ്ക് മുന്‍ചെയര്‍മാന്‍ കെ വി കാമത്ത് കര്‍ണാടകത്തില്‍ നിന്ന് രാജ്യസഭയിലേക്ക് ബിജെപി. സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. ഈ മാസം 25 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിക്കുന്നവരില്‍ കെ വി കാമത്തിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്.

മംഗളൂരു സ്വദേശിയായ കാമത്തിന് ബിജെപി കേന്ദ്രനേതൃത്വവുമായി അടുത്ത ബന്ധമാണുള്ളത്. ബ്രിക്‌സ് ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് മേധാവിയായ കാമത്ത് ഇന്‍ഫോസിസ് മുന്‍ ചെയര്‍മാന്‍ കൂടിയാണ്. കേന്ദ്രമന്ത്രിസഭാ അഴിച്ചുപണിയില്‍ കാമത്തിനെ ധനമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷയുമായ സുധമൂര്‍ത്തി, അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അനന്തകുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാര്‍, വടക്കന്‍ കര്‍ണാടകത്തില്‍ നിന്നുള്ള ലിംഗായത്ത് നേതാക്കളായ പ്രഭാകര്‍ കോറ, രമേശ് കട്ടി എന്നിവരും പരിഗണനാ പട്ടികയിലുണ്ട്.

മുതിര്‍ന്ന നേതാവായ ഉമേഷ് കട്ടിയുടെ സഹോദരനാണ് രമേശ് കട്ടി. കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി നേതാവ് മുരളീധര്‍ റാവുവും സീറ്റിനായി രംഗത്തുണ്ട്. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനായുള്ള ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം ഇന്നു ചേരും. രാജ്യസഭയിലേക്ക് കര്‍ണാടകത്തില്‍നിന്ന് നാല് ഒഴിവുകളാണുള്ളത്. ഇതില്‍ ബിജെപിക്ക് രണ്ടുപേരെ വിജയിപ്പിക്കാന്‍ കഴിയും.

കോണ്‍ഗ്രസിന് ഒരംഗത്തെയും വിജയിപ്പിക്കാന്‍ കഴിയും. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിമാരായ വീരപ്പമൊയ്‌ലി, കെ എച്ച് മുനിയപ്പ എന്നിവരും സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുണ്ട്. കോണ്‍ഗ്രസ് പിന്തുണയോടെ മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയെ രാജ്യസഭയിലെത്തിക്കാന്‍ ജെഡിഎസും നീക്കം തുടങ്ങി. സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ജെഡിഎസിന് 10 വോട്ടുകള്‍ കൂടി വേണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com