ആശങ്കയായി മഹാരാഷ്ട്ര, രോഗികള്‍ 80,000 കടന്നു, ഗുജറാത്ത് 20,000ലേക്ക്; അഞ്ചു സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരം

രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അഞ്ചു സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു
ആശങ്കയായി മഹാരാഷ്ട്ര, രോഗികള്‍ 80,000 കടന്നു, ഗുജറാത്ത് 20,000ലേക്ക്; അഞ്ചു സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരം

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അഞ്ചു സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 80,000 കടന്നു. 80,229 പേര്‍ക്ക് രോഗബാധ ഉണ്ടായതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 2436 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയപരിധിയില്‍ 1475 പേര്‍ രോഗമുക്തി നേടിയത് നേരിയ ആശ്വാസമായി. ഇതുവരെ സംസ്ഥാനത്ത് 35156 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 2849 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. 24 മണിക്കൂറിനിടെ 1438 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. നിലവില്‍ 28694 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 15762 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 232 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 27000ലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 1330 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. 708 ആണ് ഡല്‍ഹിയിലെ മരണസംഖ്യ.

ഗുജറാത്താണ് തൊട്ടുപിന്നില്‍. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 20,000ലേക്ക് അടുക്കുകയാണ്. 19094 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.13000 പേര്‍ രോഗമുക്തി നേടിയത് ആശ്വാസമായി. അതേസമയം മരണസംഖ്യ 1190 ആയി. രാജസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണം 10000 കടന്നു. 7359 പേര്‍ രോഗമുക്തി നേടിയത് ആശ്വാസമായി. 

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക, ബീഹാര്‍ എന്നിവിടങ്ങളില്‍ യഥാക്രമം 9733, 8996,7303, 4835, 4596 എന്നിങ്ങനെയാണ് കോവിഡ് ബാധിരുടെ കണക്കുകള്‍. 24 മണിക്കൂറിനിടെ 30 പേര്‍ക്കാണ് ഈ സംസ്ഥാനങ്ങളില്‍ ജീവന്‍ നഷ്ടമായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com