ലോക്ക്ഡൗണ്‍ ഇളവുകളില്‍ മാറ്റത്തിന് സാധ്യത ?; കര്‍ശന മാര്‍ഗരേഖ വേണമെന്ന് സംസ്ഥാനങ്ങള്‍, കേന്ദ്രത്തെ ആശങ്ക അറിയിച്ചു

കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇളവുകളില്‍ കര്‍ശന മാര്‍ഗരേഖ വേണമെന്നാണ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്
ലോക്ക്ഡൗണ്‍ ഇളവുകളില്‍ മാറ്റത്തിന് സാധ്യത ?; കര്‍ശന മാര്‍ഗരേഖ വേണമെന്ന് സംസ്ഥാനങ്ങള്‍, കേന്ദ്രത്തെ ആശങ്ക അറിയിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചില ഇളവുകള്‍ പിന്‍വലിച്ചേക്കുമെന്നാണ് സൂചന. ലോക്ക്ഡൗണ്‍ ഇളവുകളില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ആശങ്ക അറിയിച്ചിരുന്നു. കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇളവുകളില്‍ കര്‍ശന മാര്‍ഗരേഖ വേണമെന്നാണ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്.

അഞ്ചാംഘട്ട ലോക്ക്ഡൗണിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. ജൂൺ 30 വരെ നീളുന്ന അഞ്ചാംഘട്ടത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിലാണ് കടുത്ത നിയന്ത്രണം. അതിനിടെ കൂടുതൽ ഇളവുകളോടെ, അൺലോക്ക് വൺ നാളെ തുടങ്ങുകയാണ്. ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയവ തുറക്കാന്‍ ഈ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. നിലവില്‍ കോവിഡ് രോഗവ്യാപനം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണം തുടരണമെന്നാണ് സംസ്ഥാനങ്ങള്‍ നിര്‍ദേശിക്കുന്നത്.

സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങി കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍, ആരാധനാലയങ്ങളും റസ്‌റ്റോറന്റുകളും തുറക്കുമ്പോള്‍ എത്രത്തോളം പാലിക്കപ്പെടുമെന്നാണ് സംസ്ഥാനങ്ങള്‍ ആശങ്കപ്പെടുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രം കര്‍ശന മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ കേന്ദ്രമന്ത്രിസഭാ ഉപസമിതി ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ കോവിഡ് കേസുകളില്‍ 86 ശതമാനവും 26 ജില്ലകളിലാണ്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവഗുരുതരമാണ്. പ്രധാന നഗരങ്ങളായ മുംബൈ, താനെ, പൂനെ, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ രണ്ടാഴ്ചയ്ക്കിടെ 100 ലേറെ കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com