ചികിത്സയിൽ വിവേചനം പാടില്ലെന്ന് ഡൽഹി ലെഫ്റ്റനന്റ് ​ഗവർണർ; ജനതയോടുള്ള വെല്ലുവിളിയെന്ന് കെജരിവാൾ

ചികിത്സയിൽ വിവേചനം പാടില്ലെന്ന് ഡൽഹി ലെഫ്റ്റനന്റ് ​ഗവർണർ; ജനതയോടുള്ള വെല്ലുവിളിയെന്ന് കെജരിവാൾ
ചികിത്സയിൽ വിവേചനം പാടില്ലെന്ന് ഡൽഹി ലെഫ്റ്റനന്റ് ​ഗവർണർ; ജനതയോടുള്ള വെല്ലുവിളിയെന്ന് കെജരിവാൾ



ന്യൂഡൽഹി: കോവിഡ് ചികിത്സ ഡൽഹി സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന മുഖ്യമന്ത്രി അരവിന്ദ്കെജരിവാളിന്റെ പ്രഖ്യാപനം തള്ളി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ. കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സ നിഷേധിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിവേചനം കൂടാതെ എല്ലാ രോഗികൾക്കും ഡൽഹിയിൽ ചികിത്സ നൽകും. സ്ഥിര താമസക്കാരനല്ല എന്നതിന്റെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കാനാവില്ലെന്നും ലഫ്. ഗവർണർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ലഫ്റ്റനന്റ് ​ഗവർണറുടെ തീരുമാനം ഡൽഹി ജനതയ്ക്ക് വലിയ പ്രശ്നവും വെല്ലുവിളിയും ഉയർത്തുന്നതാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പ്രതികരിച്ചു. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ളവർക്ക് ഡൽഹിയിൽ ചികിത്സ നൽകുന്നത് വെല്ലുവിളിയാണ്. എങ്കിലും എല്ലാവർക്കും ചികിത്സ നൽകാനുള്ള ശ്രമം ഡൽഹി സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചികിത്സയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്ന വിവിധ സുപ്രീം കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് ലഫ്റ്റനന്റ് ഗവർണർ ഉത്തരവിറക്കിയത്. എല്ലാ സർക്കാർ - സ്വകാര്യ ആശുപത്രികളും നഴ്‌സിങ് ഹോമുകളും ഡൽഹിയിൽ സ്ഥിര താമസക്കാരനാണോ അല്ലയോ എന്ന വിവേചനം കൂടാതെ എല്ലാവർക്കും കോവിഡ് ചികിത്സ നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഡൽഹിയിലെ സർക്കാർ ആശുപത്രികളിലെയും പല സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സ ഡൽഹി സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന പ്രഖ്യാപനം കെജ്‌രിവാൾ കഴിഞ്ഞ ദിവസമാണ് നടത്തിയത്. ഡൽഹി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള 10,000 കിടക്കകൾ ഡൽഹി സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ ആർക്കും ചികിത്സ തേടാമെന്നും പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com