'ഞാന്‍ അഭിമാനപുളകിതനായി'; കൊറോണക്കാലത്ത് 11 കോടി ജനങ്ങള്‍ക്ക് ബിജെപി ഭക്ഷണം നല്‍കിയെന്ന് അമിത് ഷാ

ദുരിതകാലത്ത് കുടിയേറ്റ തൊഴിലാളികളെ പാര്‍ട്ടി പ്രവര്‍ത്തകന്‍ സഹായിക്കുന്നതു കണ്ട താന്‍ അഭിമാന പുളകിതനായി എന്നും അമിത് ഷാ പറഞ്ഞു.
'ഞാന്‍ അഭിമാനപുളകിതനായി'; കൊറോണക്കാലത്ത് 11 കോടി ജനങ്ങള്‍ക്ക് ബിജെപി ഭക്ഷണം നല്‍കിയെന്ന് അമിത് ഷാ


ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ബിജെപി പ്രവര്‍ത്തകര്‍ രാജ്യത്തെ 11 കോടി ജനങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി ആസ്ഥാനത്തുനിന്ന് വെര്‍ച്വല്‍ ഒഡീഷ ജന്‍ സംവാദ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അവകാശപ്പെട്ടത്. ദുരിതകാലത്ത് കുടിയേറ്റ തൊഴിലാളികളെ പാര്‍ട്ടി പ്രവര്‍ത്തകന്‍ സഹായിക്കുന്നതു കണ്ട താന്‍ അഭിമാന പുളകിതനായി എന്നും അമിത് ഷാ പറഞ്ഞു.

ഇതിന്റെ പേരില്‍ പാര്‍ട്ടി അധ്യക്ഷനെയും മുഴുവന്‍ ടീമിനെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു. അധികാരം നേടുന്നതിന് വേണ്ടിയുള്ളതല്ല ബിജെപിയുടെ രാഷ്ട്രീയം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനാണ് ഇത്തരത്തിലുള്ള സംവാദങ്ങള്‍ നടത്തുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മനുഷ്യവര്‍ഗത്തിന് നേരെയുള്ള വലിയ വെല്ലുവിളിയാണ് കൊറോണ വൈറസ് വ്യാപനം. അതിനെ നേരിടാന്‍ സാമൂഹ്യ അകലം പാലിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ രാജ്യത്തെ ജനങ്ങളും ബിജെപിയും തമ്മില്‍ ഒരിക്കലും അകലില്ല. പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ നേതൃത്വത്തില്‍ വെര്‍ച്വല്‍ റാലികള്‍ നടത്തി ജനങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തുകയാണ് ബിജെപി ഇപ്പോള്‍ ചെയ്യുന്നത്. മഹാമാരിയുടെ കാലത്തുപോലും വെര്‍ച്വല്‍ റാലികളിലൂടെ പാര്‍ട്ടിക്ക് ജനങ്ങളുമായുള്ള ബന്ധം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് നാം ലോകത്തിന് കാട്ടിക്കൊടുക്കുന്നത്.

കൊറോണ പോലെയുള്ള മഹാമാരികളുടെ കാലത്ത് എല്ലാ കുടിയേറ്റ തൊഴിലാളികളും ബന്ധുക്കളുടെ അടുത്തെത്താന്‍ ആഗ്രഹിക്കും. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ അവര്‍ക്കുവേണ്ടി ക്യാമ്പുകള്‍ തയ്യാറാക്കുകയും സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. എല്ലാ സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com