കമല്‍നാഥ് സര്‍ക്കാരിനെ മറിച്ചിട്ടത് ബിജെപി കേന്ദ്രനേതൃത്വം ? ; മുഖ്യമന്ത്രിയുടെ പേരില്‍ ഓഡിയോ ക്ലിപ്പ്, വിവാദം

'പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാന്‍ തീരുമാനിച്ചത് . അല്ലായിരുന്നെങ്കില്‍ എല്ലാം നശിച്ചേനെ'
കമല്‍നാഥ് സര്‍ക്കാരിനെ മറിച്ചിട്ടത് ബിജെപി കേന്ദ്രനേതൃത്വം ? ; മുഖ്യമന്ത്രിയുടെ പേരില്‍ ഓഡിയോ ക്ലിപ്പ്, വിവാദം

ഭോപ്പാല്‍ :  മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തിയത് ബിജെപി കേന്ദ്രനേതൃത്വമെന്ന് പറയുന്ന ശബ്ദസന്ദേശം പുറത്ത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റേതെന്ന പേരിലാണ് ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നത്.

പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാന്‍ തീരുമാനിച്ചത് . അല്ലായിരുന്നെങ്കില്‍ എല്ലാം നശിച്ചേനെയെന്ന് ശബ്ദസന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞദിവസം ശിവരാജ് സിങ് ചൗഹാന്‍ ഇന്‍ഡോറിലെ സന്‍വേര്‍ നിയമസഭാ മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടു സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് ഇതെന്നാണ് പ്രചരിക്കുന്നത്.

കോണ്‍ഗ്രസ് നേതാക്കളായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെയും തുള്‍സി സിലാവത്തിന്റെയും പിന്തുണയില്ലാതെ ഇതു നടപ്പാക്കാന്‍ കഴിയുമായിരുന്നില്ലേയെന്ന് ഒരു നേതാവ് ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതല്ലാതെ മറ്റു വഴിയില്ലായിരുന്നു എന്നാണ് മറുപടിയില്‍ വ്യക്തമാക്കുന്നത്. സിന്ധ്യയുടെയും വിശ്വസ്തരുടെയും പിന്തുണയോടെ ബിജെപി കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കുകയായിരുന്നു.

ശിവരാജ് സിങ് ചൗഹാന്‍ സ്വമേധയാ സത്യം തുറന്നു പറഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര സാലുജ പറഞ്ഞു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി കേന്ദ്രനേതൃത്വം ശ്രമിച്ചുവെന്ന സത്യം ഇതോടെ പുറത്തുവന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തനിക്കൊപ്പം നില്‍ക്കുന്ന 22 എംഎല്‍എമാര്‍ക്കൊപ്പം ജ്യോതിരാദിത്യ സിന്ധ്യ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിച്ചത്. വിശ്വാസവോട്ടെപ്പിനു മുന്‍പ് കമല്‍നാഥ് രാജിവയ്ക്കുകയായിരുന്നു. 230 അംഗ നിയമസഭയില്‍ നിലവില്‍ 206 എംഎല്‍എമാരാണുള്ളത്. ഇതില്‍ 107 പേര്‍ ബിജെപിയാണ്. കോണ്‍ഗ്രസിന് 92 എംഎല്‍എമാരാണുള്ളത്. നാലു സ്വതന്ത്രര്‍, 1 സമാജ്‌വാദി പാര്‍ട്ടി, 3 ബിഎസ്പി എംഎല്‍എമാര്‍ എന്നിവരും ബിജെപിക്ക് പിന്തുണ നല്‍കുന്നു. 104 ആണ് നിലവില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com