തിരുപ്പതിയിൽ ആദ്യദിനം ഭണ്ഡാരത്തിൽ ലഭിച്ചത് 25 ലക്ഷം രൂപ

പൊതുജനങ്ങൾക്കായി ജൂൺ 11 മുതൽ ക്ഷേത്രം തുറക്കും
തിരുപ്പതിയിൽ ആദ്യദിനം ഭണ്ഡാരത്തിൽ ലഭിച്ചത് 25 ലക്ഷം രൂപ

തിരുപ്പതി: ലോക്ക്ഡൗണിൽ ഇളവ് വന്നതോടെ ക്ഷേത്രങ്ങൾ വീണ്ടും തുറന്ന ആദ്യ ദിവസമായ തിങ്കളാഴ്ച തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ഭണ്ഡാരത്തിൽ മാത്രം 25.7 ലക്ഷം രൂപ ലഭിച്ചു. കൊവിഡ് -19 മഹാമാരി മൂലം മാർച്ച് 20 മുതൽ ക്ഷേത്രം അടച്ചതിനെത്തുടർന്ന് രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്ര ഖജനാവിൽ എല്ലാ മാസവും 200 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ.

ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലഘൂകരിച്ച് മൂന്ന് ദിവസത്തെ ട്രയലിന് ശേഷമാണ് തിങ്കളാഴ്ച ക്ഷേത്രം വീണ്ടും തുറന്നത്. ടിടിഡി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമേ ആദ്യ രണ്ട് ദിവസങ്ങളിൽ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. തിരുമല പ്രദേശവാസികളെ ഇന്ന് മുതൽ ദർശനത്തിനെത്താൻ അനുവദിക്കും. പൊതുജനങ്ങൾക്കായി ജൂൺ 11 മുതൽ ക്ഷേത്രം തുറക്കും.

ആദ്യ രണ്ട് ദിവസങ്ങളില്‍ 12,000 ത്തിലധികം ആളുകളാണ് ക്ഷേത്രത്തിലെത്തിയത്. എല്ലാ ടിടിഡി ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും മാത്രമടങ്ങുന്നതാണിത്. അതേസമയം, 300 രൂപ വീതം വിലയുള്ള 60,000 സ്പെഷ്യല്‍ എന്‍ട്രി ദര്‍ശന ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ ക്വാട്ട 24 മണിക്കൂറിനുള്ളില്‍ തീര്‍ന്നു. പ്രതിദിനം 3,000 ടിക്കറ്റായി നിശ്ചയിച്ചിട്ടുള്ള ജൂണിലെ ഓണ്‍ലൈന്‍ ക്വാട്ട പുറത്തിറക്കി.

ലോക്ക്ഡൗണ്‍ മൂലം മൂലം ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് തടഞ്ഞിരുന്നുവെങ്കിലും ക്ഷേത്ര പതിവ് പൂജകള്‍ നടന്നിരുന്നു. ജൂണ്‍ എട്ടു മുതല്‍ രാജ്യത്തെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയതോടെയാണ് തിരുപ്പതി ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്. ലോക്ക് ഡൗണ്‍ തുടങ്ങി രണ്ടര മാസം പിന്നിട്ടപ്പോള്‍ തന്നെ ആന്ധ്രപ്രദേശിലെ പ്രസിദ്ധമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന്റെ വരുമാന നഷ്ടം 400 കോടി കവിഞ്ഞിരുന്നു. പ്രതിമാസം 200- 220 കോടി രൂപയാണ് ക്ഷേത്രത്തിന്റെ ശരാശരി വരുമാനം. ദിനംപ്രതി 80000 മുതല്‍ ഒരു ലക്ഷംവരെ ഭക്തര്‍ സന്ദര്‍ശനം നടത്തുന്ന ക്ഷേത്രമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com