'കറുത്ത നിറമുള്ള നീ വൃത്തികെട്ടവന്‍'- കൊച്ചു കുട്ടികളുടെ പാഠ പുസ്തകത്തിലും വര്‍ണവെറി; പ്രതിഷേധം

'കറുത്ത നിറമുള്ള നീ വൃത്തികെട്ടവന്‍'- കൊച്ചു കുട്ടികളുടെ പാഠ പുസ്തകത്തിലും വര്‍ണവെറി; പ്രതിഷേധം
'കറുത്ത നിറമുള്ള നീ വൃത്തികെട്ടവന്‍'- കൊച്ചു കുട്ടികളുടെ പാഠ പുസ്തകത്തിലും വര്‍ണവെറി; പ്രതിഷേധം

കൊല്‍ക്കത്ത: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ പൊലീസ് ശ്വാസം മുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ലോകമെമ്പാടും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. വര്‍ണവെറി അവസാനിപ്പിക്കണമെന്ന ശക്തമായ ആവശ്യമാണ് ലോകമെമ്പാടുമുള്ള മനുഷ്യ സ്‌നേഹികള്‍ ഉച്ചത്തില്‍ പറയുന്നത്.

അത്തരമൊരു വര്‍ണവെറിക്കെതിരെ പശ്ചിമ ബംഗാളിലും പ്രതിഷേധം അരങ്ങേറി. കൊച്ചു കുട്ടികള്‍ക്കുള്ള പാഠ പുസ്തകത്തിലാണ് വര്‍ണവെറി പരാമര്‍ശം ഉള്‍പ്പെടുത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കൊച്ചു കുട്ടികളെ പഠിപ്പിക്കുന്ന പുസ്തകത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ വന്നത് വലിയ തെറ്റാണെന്നും പുസ്തകം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ രംഗത്തെത്തി.

പശ്ചിമ ബംഗാളിലെ ബര്‍ദൗന്‍ ജില്ലയിലുള്ള സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളായ മുന്‍സിപ്പല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ വിതരണം ചെയ്ത പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പുസ്തകത്തിലാണ് ഇത്തരമൊരു പരാമര്‍ശം. ഇംഗ്ലീഷ് അക്ഷരമാല പഠിപ്പിക്കുന്ന പുസ്തകത്തില്‍ 'യു' എന്ന അക്ഷരത്തിന്റെ താഴെ 'അഗ്ലി' (വൃത്തികെട്ടത്) എന്ന വാക്കാണ് കൊടുത്തിരിക്കുന്നത്. ഈ വാക്ക് വിശദീകരിക്കാനായി ചേര്‍ത്തിരിക്കുന്നത് കറുത്ത മനുഷ്യന്റെ ചിത്രമാണ്.

'എന്റെ മകള്‍ ഈ സ്‌കൂളിലാണ് പഠിക്കുന്നത്. മകളെ പഠിപ്പിക്കുന്നതിനായി ഈ പുസ്തകം എടുത്തപ്പോഴാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്. കറുത്ത മനുഷ്യരെ ഇത്തരത്തില്‍ വൃത്തിക്കെട്ടതാണെന്ന് വിളിപ്പിക്കാന്‍ പഠിപ്പിക്കുന്നത് വലിയ തെറ്റാണ്'- കൊല്‍ക്കത്തയിലെ ബംഗ്ബസി സായാഹ്ന കോളജിലെ അധ്യാപകനായ സുദീപ് മജുംദാര്‍ വ്യക്തമാക്കി.

'ഈ പുസ്തകം പിന്‍വലിക്കണം. കുട്ടികളുടെ ആര്‍ദ്രമായ ഹൃദയങ്ങളില്‍ അപകര്‍ഷത നിറയ്ക്കുകയാണ് ഇത്തരം പഠനങ്ങള്‍ ചെയ്യുന്നത്. കറുത്തവരോട് വിവേചനമുണ്ടാക്കുന്ന മനോഭാവവും അത് സൃഷ്ടിക്കുന്നു'- സുദീപ് പറഞ്ഞു.

ജില്ലാ പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായ സ്വപന്‍ കുമാര്‍ വിഷയവുമായി ബന്ധപ്പെട്ട് ആദ്യം പ്രതികരിച്ചില്ല. ഇത് ഔദ്യോഗിക പുസ്തകമല്ലെന്നും സ്‌കൂള്‍ ഇറക്കിയതാണെന്നും പിന്നീട് അദ്ദേഹം പ്രതികരിച്ചു. സ്‌കൂള്‍ അധികൃതരില്‍ നിന്ന് വിശദീകരണം തേടി നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com