ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ അധ്യാപകരുടെ പ്രസക്തി വര്‍ധിക്കും; യുജിസി ചെയര്‍മാന്‍ 'എക്‌സ്പ്രഷന്‍സി'ല്‍

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ അധ്യാപകരുടെ പ്രസക്തി വര്‍ധിക്കും; യുജിസി ചെയര്‍മാന്‍ 'എക്‌സ്പ്രഷന്‍സി'ല്‍
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ അധ്യാപകരുടെ പ്രസക്തി വര്‍ധിക്കും; യുജിസി ചെയര്‍മാന്‍ 'എക്‌സ്പ്രഷന്‍സി'ല്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ അധ്യാപകരുടെ പ്രാധാന്യം വര്‍ധിക്കുകയാണ് ചെയ്യുന്നതെന്ന് യുജിസി ചെയര്‍മാന്‍ ഡോ. ഡിപി സിങ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം വ്യാപകമാവുമ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള വിടവ് വര്‍ധിക്കുമെന്ന ആശങ്ക അടിസ്ഥാനമില്ലാത്തതാണെന്ന് ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന്റെ എക്‌സ്പ്രഷന്‍സ് വെബ് കാസ്റ്റ് പരമ്പരയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ശസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ എസ് വൈദ്യസുബ്രഹ്മണ്യവും സീനിയര്‍ ജേണലിസ്റ്റ് കാവേരി ബംസായിയുമാണ് ഡോ. ഡിപി സിങ്ങുമായി സംവദിച്ചത്.

എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ ആദ്യ നൂറില്‍ വരുന്ന കോളജുകള്‍ക്ക് യുജിസി അനുമതിയില്ലാതെ തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താമെന്ന് അദ്ദേഹം അറിയിച്ചു. മുന്‍കൂര്‍ അനുമതിയില്ലാതെ കോളജുകള്‍ക്ക് ഓണ്‍ലൈന്‍ ഡിഗ്രി പ്രോഗ്രാമുകള്‍ നടത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ യുജിസി പുറപ്പെടുവിക്കും. നാക് റേറ്റിങ്ങില്‍ 3.6ന് മുകളില്‍ ഉള്ളതോ എന്‍ഐആര്‍എഫിന്റെ ഉയര്‍ന്ന റാങ്ക് ഉള്ളതോ ആയ സ്ഥാപനങ്ങള്‍ക്കാണ് ഇത്തരത്തില്‍ അനുമതി ലഭിക്കുകയെന്ന് യുജിസി ചെയര്‍മാന്‍ പറഞ്ഞു.

അധ്യാപന രീതി സംബന്ധിച്ച് മിശ്രസമീപനമാണ് യുജിസി മുന്നോട്ടുവയ്ക്കുന്നത്. ആളുകളുടെ ധാരണ ഓണ്‍ലൈന്‍ വിദ്യാഭ്യാസം വന്നാല്‍ അധ്യാപകരുടെ പ്രസക്തി കുറയുമെന്നാണ്. എനിക്കു തോന്നുന്നത് മറിച്ചാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ അധ്യാപകര്‍ക്കു മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ അവര്‍ കൂടുതല്‍ ജാഗരൂകരായിരിക്കേണ്ടി വരും. ക്ലാസുകള്‍ കൂടുതല്‍ രസകരമാക്കേണ്ടി വരും. വിദ്യാര്‍ഥികളുടെ താത്പര്യം നിലനിര്‍ത്താന്‍ നൂതന രീതികളിലേക്കു പോവേണ്ടിവരും. ഇതൊക്കെ അധ്യാപകരുടെ പ്രസക്തി കൂട്ടുകയാണ്- സിങ് പറഞ്ഞു.

കോവിഡ് കാലം വിദേശത്തു പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ കാരത്തില്‍ അനിശ്ചിതത്വം ഉണ്ടാക്കിയിട്ടുണ്ട്. അവരില്‍ മിടുക്കരായ ഒരുപാടു പേരുണ്ട്. അവരെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ മികച്ച സ്ഥാപനങ്ങള്‍ക്കു കഴിയണം. അവര്‍ ആഗ്രഹിക്കുന്ന മട്ടിലുള്ള കോഴ്‌സുകളിലേക്ക് അവരെ എത്തിക്കണം- യുജിസി ചെയര്‍മാന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com