പൊറോട്ട റൊട്ടിയല്ല, 18ശതമാനം ജിഎസ്ടി; ഇത് 'ഫുഡ് ഫാസിസം', പ്രതിഷേധം കനക്കുന്നു

പൊറോട്ട റൊട്ടിയല്ല, 18ശതമാനം ജിഎസ്ടി; ഇത് 'ഫുഡ് ഫാസിസം', പ്രതിഷേധം കനക്കുന്നു

പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാനുള്ള എഎആറിന്റെ ഉത്തരവിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്

ബം​ഗളൂരു: പൊറോട്ടയ്ക്ക് ജിഎസ്ടി നിരക്ക് ഉയർത്തിയ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാനുള്ള കർണാടക അതോറിറ്റി ഫോർ അഡ്വാൻഡ്‌സ് റൂളിങിന്റെ ഉത്തരവിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. പൊറോട്ട റൊട്ടിയല്ലാത്തതിനാൽ അഞ്ചു ശതമാനമല്ല 18 ശതമാനം ജിഎസ്ടി നിരക്കാണ് ഈടാക്കേണ്ടതെന്നാണ് എഎആറിന്റെ ഉത്തരവ്.

ബാം​ഗ്ലൂർ ഭക്ഷ്യ വിതരണ കമ്പനിയായ ഐഡി ഫ്രഷ് ഫുഡ്സാണ് ചപ്പാത്തിയെപ്പോലെ പരിഗണിച്ച് പൊറോട്ടയെ അഞ്ച് ശതമാനം ജിഎസ്ടി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി എഎആറിന്റെ മുമ്പാകെ എത്തിയത്. എല്ലാ ഫ്ലാറ്റ് ബ്രെഡുകളെയും റൊട്ടി എന്ന ​ഗണത്തിൽ കണക്കാക്കാനാവില്ലെന്ന് എഎആർ വ്യക്തമാക്കി. ചപ്പാത്തിക്കും റൊട്ടിക്കും 5 ശതമാനം ജിഎസ്‌ടിയാണ് ഈടാക്കുന്നത്. എന്നാൽ പൊറോട്ട റൊട്ടി ഇനത്തിൽ ഉൾപ്പെടില്ലെന്ന് കാട്ടി 18 ശതമാനം ജിഎസ്‌ടി ഏർപ്പെടുത്തുമെന്ന് അതോറിറ്റി അറിയിക്കുകയായിരുന്നു.

മൂന്ന് മുതൽ അഞ്ച് ദിവസം വരെ കേടുകൂടാതെ ഇരിക്കുന്നവയാണ് റെഡി ‌‌ടു ഈറ്റ് പൊറോട്ടകൾ. കഴിക്കുന്നതിനുമുമ്പ് ചൂടാക്കേണ്ടതിനാൽ നേരിട്ട് ഇവ കഴിക്കാനാകില്ല. അതിനാൽ 18 ശതമാനം നികുതി ചുമത്തുന്നത് തുടരുമെന്ന് എഎആർ പറഞ്ഞു.

പൊറോട്ടയ്‌ക്കെതിരെയുള്ള വിവേചനത്തിനെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം വ്യാപകമാകുകയാണ്.  'ഫുഡ് ഫാസിസം' എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. #HandsOfPorotta എന്ന ഹാഷ്ടാ​ഗ് ട്വിറ്ററിൽ മണിക്കൂറുകൾ കൊണ്ടുതന്നെ ട്രെൻഡിം​ഗ് ആയി. ഹാഷ്ടാ​ഗിൽ കേരള ടൂറിസവും വിഷയത്തിൽ പ്രതികരണവുമായി എത്തിയതോടെ സംഭവം മലയാളികളും ഏറ്റെടുത്തിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com