മഹാരാഷ്ട്രയിൽ ജൂലൈ മുതൽ സ്കൂളുകൾ തുറക്കും

മഹാരാഷ്ട്രയിൽ ജൂലൈ മുതൽ സ്കൂളുകൾ തുറക്കും
മഹാരാഷ്ട്രയിൽ ജൂലൈ മുതൽ സ്കൂളുകൾ തുറക്കും

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്ട്രയിൽ ജൂലൈ മുതൽ പുതിയ അധ്യയന വർഷം ആരംഭിക്കും. ഒരു മാസത്തിനിടയിൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ജില്ലയിലെ സ്‌കൂളുകളായിരിക്കും തുറന്ന് പ്രവർത്തിക്കുക. മറ്റിടങ്ങളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്കായിരിക്കും ആദ്യം ക്ലാസ് ആരംഭിക്കുക.

ഒരു മാസത്തിനുള്ളിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത പ്രദേശത്തെ സ്‌കൂളുകൾ മാത്രമേ തുറക്കാൻ പാടുള്ളൂവെന്ന് ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുള്ളതായി വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്വാദ് പറഞ്ഞു. വിദർഭ ഓൺലൈൻ സ്‌കൂളുകൾ ജൂൺ 26 മുതൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

സർക്കാർ പുറത്തിറക്കിയ സർക്കുലർ പ്രകാരം 9,10,12 ക്ലാസുകളായിരിക്കും ജൂലായ് മുതൽ ആരംഭിക്കുക. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചതിനു ശേഷം പ്രവേശന നടപടികൾ പൂർത്തിയാക്കി പതിനൊന്നാം ക്ലാസ് ആരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ അറിയിക്കും. ആറ് മുതൽ എട്ട് വരെയുളളവർക്ക് ഓഗസ്റ്റിലും മൂന്ന് മുതൽ നാല് വരെ ക്ലാസുകളിലുള്ളവർക്ക് സെപ്റ്റംബറിലും അധ്യയനം ആരംഭിക്കും. ഒന്നിലും രണ്ടിലും പഠിക്കുന്നവരുടെ ക്ലാസ് ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയോട് സർക്കാർ ആവശ്യപ്പെട്ടു.

പഠനത്തിനായി ടെലിവിഷൻ ഉപയോഗപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ദൂരദർശൻ, റേഡിയോ എന്നിവയുടെ സഹകരണം ഉറപ്പാക്കും. ഇതുസംബന്ധിച്ചുള്ള മാർഗ നിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും പ്രീ പ്രൈമറി ക്ലാസുകൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com