'ആത്മഹത്യ ചെയ്യാൻ പേടി; കൊല്ലാൻ ക്വട്ടേഷൻ നൽകി'- വ്യവസായിയുടെ മരണത്തിന് പിന്നിൽ നാടകീയതകൾ; അറസ്റ്റ്

'ആത്മഹത്യ ചെയ്യാൻ പേടി; കൊല്ലാൻ ക്വട്ടേഷൻ നൽകി'- വ്യവസായിയുടെ മരണത്തിന് പിന്നിൽ നാടകീയതകൾ; അറസ്റ്റ്
'ആത്മഹത്യ ചെയ്യാൻ പേടി; കൊല്ലാൻ ക്വട്ടേഷൻ നൽകി'- വ്യവസായിയുടെ മരണത്തിന് പിന്നിൽ നാടകീയതകൾ; അറസ്റ്റ്

ന്യൂഡൽഹി: കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിക്കാൻ സ്വന്തം കൊലപാതകം ആസൂത്രണം ചെയ്തു വ്യവസായി. തന്നെ കൊല്ലാനായി ഇയാൾ ക്വട്ടേഷൻ നൽകുകയായിരുന്നു. ഇതായി പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാല് കൊലയാളികളെയാണ് ഇയാൾ വാടകയ്ക്കെടുത്തത്. നാല് പേരും അറസ്റ്റിലായി.

ഡൽഹി ഐപി എക്സ‌്റ്റൻഷൻ സ്വദേശി ഗൗരവ് ബൻസാലിന്റെ (40) മരണത്തിനു പിന്നിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഡൽഹി പൊലീസാണ് ഇതിന്റെ ചുരുളഴിച്ചത്. കുടുംബത്തിന് ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക ലഭിക്കാൻ വേണ്ടിയാണ് ഇയാൾ സംഭവം ആസൂത്രണം ചെയ്തതെന്നാണു വിവരം. ആത്മഹത്യ ചെയ്യാൻ ഭയമായതിനാൽ കൊല നടത്താൻ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചാണു സംഘത്തെ ഒരുക്കിയത്.

ഈ മാസം 10നാണു രൻഹോളയിൽ മരത്തിൽ തൂങ്ങിയ നിലയിൽ ഗൗരവ് ബൻസാലിന്റെ ശരീരം കണ്ടെത്തിയത്. കട്കട്ഡൂമയിലെ കടയിൽ ജൂൺ ഒൻപതിനു പോയ ഇദ്ദേഹം മടങ്ങി വന്നില്ലെന്നായിരുന്നു കുടുംബാംഗങ്ങളുടെ മൊഴി. ഒൻപതിനു രാത്രി കുടുംബാംഗങ്ങൾ ആനന്ദ് വിഹാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 10നു രാവിലെ 8.3നു രൻഹോളയിലെ കായലിനു സമീപത്തു മരത്തിൽ തൂങ്ങിയ നിലയിൽ ശരീരം കണ്ടെത്തി.

ആത്മഹത്യയല്ലെന്ന് ആദ്യം തന്നെ സംശയമുയർന്നിരുന്നു. മരത്തിൽ തൂങ്ങാൻ രണ്ട് പേരുടെയെങ്കിലും സഹായം വേണമെന്നതായിരുന്നു നിഗമനം. കൈകൾ കയർ ഉപയോഗിച്ചു കെട്ടിയിരുന്നു.

ബൻസാലിന്റെ ബിസിനസ് നഷ്ടത്തിലായിരുന്നെന്നും വലിയ ബാധ്യതയുണ്ടായിരുന്നെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പലിശക്കാരുടെ കൈയിൽ നിന്നു വാങ്ങിയ പണം തിരികെ കൊടുക്കാനും സാധിച്ചിരുന്നില്ല. ഭാര്യാ സഹോദരനൊപ്പം മറ്റൊരു ബിസിനസും ആരംഭിച്ചെങ്കിലും ശോഭിച്ചില്ല. അടുത്തകാലത്ത് പലചരക്കു വ്യാപാരവും ആരംഭിച്ചു. എൽഐസി ഏജന്റായിരുന്നു ഭാര്യ. സാമ്പത്തിക ഞെരുക്കം കാരണം ഇയാൾ ഭാര്യയ്ക്കൊപ്പം പോളിസികൾ വിൽക്കാനും പോയിരുന്നു. അതിനിടെ ക്രെഡിറ്റ് കാർഡ് തട്ടിപ്പുകാരുടെ ഇരയായി 3.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു. ഇത് മാനസിക സമ്മർദം വർധിക്കാൻ കാരണമായി.

വിഷാദത്തിനു ചികിത്സയും തേടിയിരുന്നു. ഉയർന്ന ഇൻഷുറൻസ് തുക കുടുംബത്തിനു ലഭിക്കാൻ ഇയാൾ സ്വന്തം മരണം ഇതിനിടെ ആസൂത്രണം ചെയ്തു. പ്രായപൂർത്തിയാകാത്തയാളുമായി ബന്ധുവിന്റെ ഫെയ്സ്ബുക് പ്രൊഫൈലിലൂടെയാണ് ബൻസാൽ ബന്ധപ്പെട്ടത്. പച്ചക്കറി വ്യാപാരിയായ മനോജ് യാദവ് (21), വിദ്യാർഥിയായ സൂരജ് (18), ടെയ്‌ലറായ സുമിത് (26) എന്നിവരും ഒപ്പം ചേർന്നു. ഇവരുമായി കട്കട്ഡൂമയിൽ ബൻസാൽ കൂടിക്കാഴ്ച നടത്തി.

ആദ്യം വെടിവച്ചു കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാൽ സംഘത്തിലൊരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ തോക്ക് ലഭിക്കാതെ വന്നതോടെ പദ്ധതി മാറ്റേണ്ടി വന്നു. തൂക്കാൻ ഉപയോഗിച്ച കയർ വാങ്ങി നൽകിയതും ബൻസാൽ തന്നെ. കൃത്യം നടത്തിയ ഒൻപതിനു മോഹൻ നഗറിലെത്തി ബൻസാലും ജുവനൈൽ പ്രതിയുമായി കൂടിക്കാഴ്ച നടത്തി. കൊല നടത്താനുള്ള സ്ഥലം തിരഞ്ഞെടുത്തതും ബൻസാലാണ്. ബൻസാലിന്റെ മൊബൈൽ കോൾ രേഖകൾ ഉപയോഗിച്ചാണു ജുവനൈൽ പ്രതിയിലേക്കു പൊലീസെത്തിയതും സംഭവത്തിന്റെ ചുരുൾ അഴിഞ്ഞതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com