ചെറിയ അനാസ്ഥ പോലും കോവിഡ് പോരാട്ടത്തെ ദുര്‍ബലപ്പെടുത്തും : പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ് ; മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പിണറായിയും

മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇതുവരെയുണ്ടാക്കിയ നേട്ടം ഇല്ലാതാക്കും
ചെറിയ അനാസ്ഥ പോലും കോവിഡ് പോരാട്ടത്തെ ദുര്‍ബലപ്പെടുത്തും : പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ് ; മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പിണറായിയും

ന്യൂഡല്‍ഹി : കോവിഡിനെ വിജയകരമായി പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രോഗമുക്തരായവരുടെ എണ്ണം പ്രതീക്ഷ നല്‍കുന്നതാണ്. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് ഇന്ത്യയിലാണ്. കോവിഡ് മരണങ്ങള്‍ ദുഃഖകരമാണ്. ഓരോ പൗരന്റെയും ജീവന്‍ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.


മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച പാടില്ല. സാമൂഹിക അകലം പാലിക്കലില്‍ വിട്ടുവീഴ്ച ചെയ്യരുത്. നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ കോവിഡിനെ പ്രതിരോധിക്കാം. ചെറിയ അനാസ്ഥ പോലും കോവിഡ് പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇതുവരെയുണ്ടാക്കിയ നേട്ടം ഇല്ലാതാക്കും. കൃത്യമായ സമയത്തെ ലോക്ക്ഡൗണ്‍ ഫലം ചെയ്തു.

ഇന്ത്യയിലെ കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ലോകം സംസാരിക്കുകയാണ്. കോവിഡ് വ്യാപനം തടഞ്ഞാല്‍ മാത്രമേ രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയൂ. നിയന്ത്രണങ്ങള്‍ മൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ മാറ്റം വരുത്താനായിട്ടുണ്ട്. സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.

യോഗത്തില്‍ സംസാരിക്കാന്‍ കേരളത്തിന് അവസരം ലഭിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കാന്‍ അവസരം നല്‍കാത്തതിനെ സിപിഎം കേന്ദ്രനേതൃത്വവും വിമര്‍ശിച്ചിരുന്നു.

ഇന്നും നാളെയുമായിട്ടാണ് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി കോവിഡ് സ്ഥിഗതികളും പ്രതിരോധപ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നത്. ഇത് ആറാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കുന്നത്.

പകുതി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ഇന്നു ചര്‍ച്ച നടത്തുക. ഏഴു സംസ്ഥാനങ്ങള്‍ക്കാണ് ഇന്നത്തെ യോഗത്തില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുക. ഏഴു കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സംസാരിക്കാന്‍ അവസരമുണ്ടാവും.

ശേഷിച്ച സംസ്ഥാനങ്ങളുമായി നാളെയാണ് യോഗം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ലോക്ക് ഡൗണ്‍ എന്നിവ എങ്ങനെ മുന്നോട്ടുകൊണ്ടുപോവണം എന്നതു സംബന്ധിച്ചാണ് ചര്‍ച്ച. പ്രധാനമന്ത്രിയുടെ യോ​ഗത്തിൽ പങ്കെടുക്കുന്നതിനാൽ മുഖ്യമന്ത്രിയുടെ പ്രതിദിന കോവിഡ് വാർത്താസമ്മേളനം റദ്ദാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com