'ഇത് അനുവദിച്ചാല്‍ ജഗന്നാഥന്‍ ഞങ്ങളോട് ക്ഷമിക്കില്ല'; ഇക്കൊല്ലം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടത്തേണ്ടെന്ന് സുപ്രീംകോടതി

കോവിഡ് കാലത്ത് രഥയാത്ര നടത്തുന്നത് ലക്ഷണക്കിന് ആളുകള്‍ക്ക് രോഗം പകരുന്നതിന് കാരണമാകും എന്ന് ചൂണ്ടിക്കാട്ടി ഒഡീഷ വികാസ് പരിഷത്ത് ആണ് കോടതിയെ സമീപിച്ചത്
'ഇത് അനുവദിച്ചാല്‍ ജഗന്നാഥന്‍ ഞങ്ങളോട് ക്ഷമിക്കില്ല'; ഇക്കൊല്ലം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടത്തേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ഉത്സവം ഇത്തവണ നടത്തേണ്ടെന്ന് സുപ്രീം കോടതി ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജൂണ്‍ 23ന് നടക്കേണ്ട രഥയാത്രയ്ക്ക് സുപ്രീം കോടതി സ്‌റ്റേ വിധിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

' ഇത് ഞങ്ങള്‍ അനുവദിക്കില്ല. രഥയാത്ര തുടരാന്‍ അനുവദിച്ചാല്‍ ജഗന്നാഥന്‍ ഞങ്ങളോട് ക്ഷമിക്കില്ല. രഥയാത്രയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവക്കണം'- ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, പെതുജനാരോഗ്യവും പൗര സുരക്ഷയും കണക്കിലെടുത്ത് രഥയാത്ര പോലുള്ള ഒത്തുചേരലുകള്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. രഥയാത്രയുമായി ബന്ധപ്പെട്ട മതപരമായതും അല്ലാത്തതുമായ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു. 

കോവിഡ് കാലത്ത് രഥയാത്ര നടത്തുന്നത് ലക്ഷക്കണക്കിന് ആളുകള്‍ക്ക് രോഗം പകരുന്നതിന് കാരണമാകും എന്ന് ചൂണ്ടിക്കാട്ടി ഒഡീഷ വികാസ് പരിഷത്ത് ആണ് കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. 12 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ 10 ലക്ഷത്തിന് പുറത്ത് വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. പതിനായിരംപേര്‍ മാത്രമാണ് പങ്കെടുക്കുന്നതെങ്കില്‍ പോലും ഗൗരവതരമായ വിഷയമാണെന്ന് ചീഫ് ജസ്റ്റിസ് എസ് എബോബ്‌ഡെ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും കോടതിയുടെ നിലപാടിനോട് യോജിച്ചു. 

രഥയാത്രയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന മറ്റു കക്ഷികളുടെ ആവശ്യം കോടതി നിരാകരിച്ചു. ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതിന് പിന്നാലെ ആരാധനലായങ്ങള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ രോഗവ്യാപനം കണക്കിലെടുത്ത് ഒഡീഷ സര്‍ക്കാര്‍ ആരാധനലായങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com