യുദ്ധം ഉണ്ടായാല്‍ ഇന്ത്യ ചൈനയെ തോല്‍പ്പിക്കും: മുന്‍ വ്യോമസേന മേധാവി

അതിര്‍ത്തിയില്‍ ചൈനയുമായി യുദ്ധം ഉണ്ടായാല്‍ വിജയം ഇന്ത്യയുടെ ഒപ്പമായിരിക്കുമെന്ന് മുന്‍ വ്യോമസേന മേധാവി അരുപ് റാഹ
യുദ്ധം ഉണ്ടായാല്‍ ഇന്ത്യ ചൈനയെ തോല്‍പ്പിക്കും: മുന്‍ വ്യോമസേന മേധാവി

ചെന്നൈ: അതിര്‍ത്തിയില്‍ ചൈനയുമായി യുദ്ധം ഉണ്ടായാല്‍ വിജയം ഇന്ത്യയുടെ ഒപ്പമായിരിക്കുമെന്ന് മുന്‍ വ്യോമസേന മേധാവി അരുപ് റാഹ. പരിമിതമായ തോതിലുളള അതിര്‍ത്തി യുദ്ധം തളളിക്കളയാന്‍ സാധിക്കില്ല. എന്നാല്‍ 1962 ലെ പോലെ ആധികാരികമായ വിജയം നേടാന്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് സാധിക്കില്ല. ആഗോളതലത്തില്‍ പ്രതിച്ഛായക്കേറ്റ മങ്ങല്‍ ചൈനയെ കാര്യമായി ബാധിക്കുമെന്നും അരുപ് റാഹ പറയുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിക്കുന്ന എക്‌സ്പ്രഷന്‍സ് പരമ്പരയില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്ളയുമായുളള സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അരുപ് റാഹയും മുന്‍ സൈനിക സെക്രട്ടറി സെയ്ദ് അത്താ ഹസ്‌നൈനും.

ഇരുരാജ്യങ്ങളുമായുളള സംഘര്‍ഷത്തില്‍ വ്യോമസേന പങ്കാളിയായാല്‍ യുദ്ധത്തിലേക്ക് വഴുതി വീഴാനുളള സാധ്യത തളളിക്കളയാനാവില്ല. സമ്പൂര്‍ണ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ നാശം വലിയ തോതിലായിരിക്കും. ഇന്ത്യ ദശാബ്ദങ്ങള്‍ പിന്നോട്ടുപോകേണ്ട അവസ്ഥ ഉണ്ടാകും. ചൈനയെയും കാര്യമായി ബാധിക്കും. അടുത്ത 30 വര്‍ഷ കാലയളവില്‍ ചൈനയ്ക്ക് ലോകരാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിക്കില്ലെന്നും അരുപ് റാഹ പറഞ്ഞു.

നിലവില്‍ തന്നെ ആഗോളതലത്തില്‍ പ്രതിച്ഛായ്ക്ക് മങ്ങലേറ്റിരിക്കുകയാണ് ചൈനയ്ക്ക്. ദക്ഷിണ ചൈന കടലിലും മറ്റും ആധിപത്യം സ്ഥാപിക്കാനുളള ചൈനയുടെ ശ്രമങ്ങള്‍ ആഗോളതലത്തില്‍ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. ചൈനയുമായുളള വാണിജ്യബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് ലോകരാജ്യങ്ങള്‍. ഇത് ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ബാല്‍ക്കനൈസേഷന്‍ പോലുളള ഭീഷണികള്‍ ചൈന നേരിടേണ്ടി വന്നേക്കാമെന്നും അരുപ് റാഹ പറഞ്ഞു.

പാകിസ്ഥാനുമായുളള ഗൂഢാലോചനയുടെ ഭാഗമായാണ് ലഡാക്കില്‍ ചൈന കണ്ണുവെയ്ക്കുന്നതിന്റെ  പ്രധാന കാരണം. തന്ത്രപ്രധാന സ്ഥലമായ ദൗലത്ത് ബാഗ് ഓള്‍ഡി നഷ്ടപ്പെട്ടാല്‍ സിയാച്ചിനും കാറക്കോറവും നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകും. ഈ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടില്ലെന്നും അരുപ് റാഹ പറഞ്ഞു. ദൗലത്ത് ബാഗ് ഓള്‍ഡിയില്‍ ലാന്‍ഡിങ് ഗ്രൗണ്ട് സജ്ജമാക്കുന്നത് ഉള്‍പ്പെടെ അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ചൈനയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഇതിന് പുറമേ ആഗോളതലത്തില്‍ പ്രതിച്ഛായ നഷ്ടപ്പെട്ട സാഹചര്യത്തില്‍ ലോകശ്രദ്ധ മാറ്റുന്നതിന്റെ ഭാഗം കൂടിയാണ് ഈ സംഘര്‍ഷം. ഇന്ത്യ അമേരിക്കയുമായി അടുക്കുന്നതും ചൈനയെ ചൊടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com