സ്‌കൂളുകള്‍ എന്നു തുറക്കും? ട്രെയിന്‍ സര്‍വീസ് സാധാരണ നിലയിലേക്കു മാറുമോ? ; അണ്‍ലോക്ക് രണ്ടില്‍ എന്തൊക്കെ?

സ്‌കൂളുകള്‍ എന്നു തുറക്കും? ട്രെയിന്‍ സര്‍വീസ് സാധാരണ നിലയിലേക്കു മാറുമോ? ; അണ്‍ലോക്ക് രണ്ടില്‍ എന്തൊക്കെ?
സ്‌കൂളുകള്‍ എന്നു തുറക്കും? ട്രെയിന്‍ സര്‍വീസ് സാധാരണ നിലയിലേക്കു മാറുമോ? ; അണ്‍ലോക്ക് രണ്ടില്‍ എന്തൊക്കെ?

ന്യൂഡല്‍ഹി: കോവിഡ് ലോക്ക് ഡൗണിനു ശേഷം രാജ്യത്ത് ഒട്ടുമിക്ക മേഖലകളും സാധാരണ നിലയിലേക്കു മടങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നു തുറക്കും എന്നതില്‍ ഇനിയും വ്യക്തതയായില്ല. കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ അടുത്ത മാസം നിശ്ചിയിച്ചിട്ടുള്ള സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതു നീണ്ടുപോവുമെന്നാണ് വിലയിരുത്തല്‍.

അധ്യയന വര്‍ഷത്തിന്റെ അവസാന ദിവസങ്ങളില്‍ തുടങ്ങിയ ലോക്ക് ഡൗണോടെ അടച്ചതാണ് രാജ്യത്തെ വിദ്യാലയങ്ങള്‍. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ ഉയര്‍ന്ന ക്ലാസുകളിലെ സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ പൂര്‍ത്തിയാക്കി. താഴ്ന്ന ക്ലാസുകളിലെ പരീക്ഷ വേണ്ടെന്നുവച്ചു. തമിഴ്‌നാട് പോലെ ചില സംസ്ഥാനങ്ങള്‍ പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കി. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ ശേഷിച്ച പരീക്ഷ അടുത്ത മാസം തുടക്കത്തില്‍ നടത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. പരീക്ഷ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കുമെന്നാണ് സൂചന.

ഓഗസ്റ്റിനു മുമ്പ് സ്‌കൂളുകള്‍ തുറക്കില്ലെന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ നേരത്തെ പറഞ്ഞത്. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. ജൂലൈ തുടക്കത്തില്‍ അണ്‍ലോക്ക് രണ്ടാംഘട്ടത്തിലെ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. അതിനിടെ മിക്ക സംസ്ഥാനങ്ങളിലും പുതിയ അധ്യയന വര്‍ഷം ഓണ്‍ലൈനായി തുടങ്ങിയിട്ടുണ്ട്.

ട്രെയിന്‍ സര്‍വീസ് എന്നു സാധാരണ നിലയില്‍ എത്തും എന്നാണ് ജനങ്ങള്‍ ആകാംക്ഷയോടെ ആരായുന്ന മറ്റൊന്ന്. രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലാണ് റെയില്‍വേ. സാധാരണക്കാരായ ജനങ്ങള്‍ നല്ലൊരു പങ്കും യാത്രയ്ക്ക് ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. ലോക്ക് ഡൗണിനു ശേഷം മെയ് 12നാണ് റെയില്‍വേ ഭാഗികമായി സര്‍വീസ് പുനരാരംഭിച്ചത്. സ്‌പെഷല്‍ ട്രെയിനുകള്‍, ശ്രമിക് ട്രെയിനുകള്‍ ഇങ്ങനെയാണ് യാത്രക്കാരുമായി തീവണ്ടികള്‍ ഓടിത്തുടങ്ങിയത്. ചരക്കു വണ്ടികള്‍ ലോക്ക് ഡൗണ്‍ കാലത്തും ഓടിയിരുന്നു.

സ്‌പെഷല്‍ വണ്ടികളുടെ എണ്ണം ഉയര്‍ത്തുന്നുണ്ടെങ്കിലും സാധാരണ സര്‍വീസ് എന്നു തുടങ്ങും എന്നതില്‍ ഇനിയും തീരുമാനം വന്നിട്ടില്ല. വണ്ടികളില്‍ നല്ലൊരു പങ്കും ശ്രമിക് ട്രെയിനുകള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്. ഒട്ടേറെ കോച്ചുകള്‍ കോവിഡ് കെയര്‍ സെന്ററുകളായും മാറ്റിയിട്ടുണ്ട്. കോച്ചുകളുടെ ലഭ്യത അനുസരിച്ച് പാസഞ്ചര്‍ സര്‍വീസ് തുടങ്ങും എന്നാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്.

ആദ്യഘട്ട ലോക്ക് ഡൗണോടെ നിലച്ച മെട്രോ സര്‍വീസും പുനരാരംഭിക്കുന്നതില്‍ അടുത്ത മാസം തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com