മുംബൈയില്‍ 70 കോവിഡ് ബാധിതരെ കാണാനില്ല; ആശങ്ക

രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം പലരെയും അധികൃതരുടെ കൈവശമുള്ള ഫോണ്‍ നമ്പറിലോ മേല്‍വിലാസത്തിലോ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിയാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് 70 പേരെ കാണാനില്ലെന്ന് വ്യക്തമായത്
മുംബൈയില്‍ 70 കോവിഡ് ബാധിതരെ കാണാനില്ല; ആശങ്ക

മുംബൈ: മുംബൈ നഗരത്തിലെ 70 കോവിഡ് രോഗികളെ കാണാനില്ലെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ഇവരെ കണ്ടെത്താന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പൊലീസിന്റെ സഹായം തേടി.

രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം പലരെയും അധികൃതരുടെ കൈവശമുള്ള ഫോണ്‍ നമ്പറിലോ മേല്‍വിലാസത്തിലോ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിയാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് 70 പേരെ കാണാനില്ലെന്ന് വ്യക്തമായത്. കാണാതായ ഒരു കോവിഡ് രോഗി പരിശോധനയ്ക്ക് വിധേയനാകുന്നതിന് മുമ്പ് അധികൃതര്‍ക്ക് നല്‍കിയ ഫോണ്‍ നമ്പര്‍ ഒരു ബിഎംസി ഉദ്യോഗസ്ഥന്റേത് ആയിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.

നഗരത്തില്‍ രോഗബാധ രൂക്ഷമായ മലാഡ് പ്രദേശത്തുള്ളവരാണ് കാണാതായവരില്‍ മിക്കവരും. ഇവര്‍ അരൊക്കെയായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടാകാം എന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് മുംബൈയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള മന്ത്രി അസ്‌ലം ഖാന്‍ പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച 70 പേരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, അവര്‍ എവിടേക്കും ഓടിപ്പോയിട്ടില്ല. എല്ലാ കോവിഡ് രോഗികളെയും അവരുമായി അടുത്ത് ഇടപഴകിയവരെയും കണ്ടെത്തും. ഫോണ്‍ നമ്പറോ വിലാസമോ രേഖപ്പെടുത്തിയപ്പോള്‍ വന്ന പിഴവാകാം ആശങ്കയ്ക്ക് ഇടയാക്കിയത്. പലരുടെയും വിലാസം ചേരി പ്രദേശങ്ങളിലാണ്. കുടിയേറ്റ തൊഴിലാളികള്‍ രോഗം ഭേദമായശേഷം മുംബൈയില്‍നിന്ന് മടങ്ങിപ്പോയിട്ടുണ്ടാകാനും സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.

കാണാതായവരുടെ വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് മുംബൈ പോലീസ് വക്താവും ഡെപ്യൂട്ടി പൊലീസ് കമ്മീഷണറും പറഞ്ഞു. മറ്റു വകുപ്പുകളുമായി ചേര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. രാജ്യത്ത് കോവിഡ് രോഗബാധ ഏറ്റവും രൂക്ഷമായ നഗരമാണ് മുംബൈ. 76,000ത്തിലധികം പേര്‍ക്ക് മുംബൈയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 3311 പേര്‍ ഇതുവരെ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com