അമേരിക്ക അടക്കം ഏതാനും രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ഉടന്‍ ?; രാജ്യാന്തര വിമാനസര്‍വീസുകള്‍ ആരംഭിക്കാന്‍ ആലോചന

സ്വകാര്യ വിമാന കമ്പനികള്‍ക്കു സര്‍വീസ് നടത്താന്‍ അനുമതി തേടി അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി എന്നിവ ഇന്ത്യയെ സമീപിച്ചിരുന്നു
അമേരിക്ക അടക്കം ഏതാനും രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ഉടന്‍ ?; രാജ്യാന്തര വിമാനസര്‍വീസുകള്‍ ആരംഭിക്കാന്‍ ആലോചന

ന്യൂഡല്‍ഹി : കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഘട്ടംഘട്ടമായി നീക്കാനുള്ള നടപടികളുമായി കേന്ദ്ര വ്യോമയാനമന്ത്രാലയം. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതാണ് പരിഗണിക്കുന്നത്. തങ്ങളുടെ രാജ്യങ്ങളില്‍ നിന്നുള്ള സ്വകാര്യ വിമാന കമ്പനികള്‍ക്കു സര്‍വീസ് നടത്താന്‍ അനുമതി തേടി അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി എന്നിവ ഇന്ത്യയെ സമീപിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് ഇക്കാര്യത്തില്‍ യുഎസ് എംബസി അധികൃതരുമായി വ്യോമയാന മന്ത്രാലയം ചര്‍ച്ച നടത്തി. ജോലി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നു വിദേശത്തേക്കു പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് മന്ത്രാലയത്തില്‍ ലഭിച്ചിട്ടുള്ളത്.

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് യജ്ഞത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ടിക്കറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന ആക്ഷേപമുണ്ട്. ബ്രിട്ടന്‍ ഓസ്‌ട്രേലിയ അടക്കം ഏതാനും രാജ്യങ്ങള്‍ ഇന്ത്യയിലെ എംബസികള്‍ മുഖേന ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, വന്ദേ ഭാരത് യജ്ഞത്തിന്റെ ഭാഗമായി തങ്ങളുടെ രാജ്യത്തേക്കു സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഓരോ സര്‍വീസിനും അടുത്ത മാസം 22 മുതല്‍ മുന്‍കൂര്‍ അനുമതി നേടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ യുഎസിലെ സ്വകാര്യ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കാത്തത് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യ സര്‍വീസുകളല്ല എയര്‍ ഇന്ത്യ ഇപ്പോള്‍ നടത്തുന്നതെന്നും ലാഭം ലക്ഷ്യമിട്ടുള്ള സര്‍വീസുകളാണെന്നും യുഎസ് ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com