പതഞ്ജലിയുടെ 'കോവിഡ് മരുന്ന്', ബാബാ രാംദേവിനെതിരെ കേസുമായി രാജസ്ഥാന്‍ സര്‍ക്കാര്‍; മരുന്നുപരീക്ഷണമല്ല, തട്ടിപ്പെന്ന് വാദം

കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ മരുന്നിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍
പതഞ്ജലിയുടെ 'കോവിഡ് മരുന്ന്', ബാബാ രാംദേവിനെതിരെ കേസുമായി രാജസ്ഥാന്‍ സര്‍ക്കാര്‍; മരുന്നുപരീക്ഷണമല്ല, തട്ടിപ്പെന്ന് വാദം

ജയ്പൂര്‍:  കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ മരുന്നിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ മരുന്നുപരീക്ഷണം നടത്തിയത് നിയമലംഘനമാണ് എന്ന് ചൂണ്ടിക്കാണിച്ച് ബാബാ രാംദേവിനെതിരെ കേസ് കൊടുക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡിന് ഫലപ്രദമെന്ന് അവകാശപ്പെട്ട് പതഞ്ജലി വികസിപ്പിച്ചെടുത്ത കൊറോണില്‍ മരുന്ന് രോഗബാധിതരില്‍ പരീക്ഷിച്ചിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കം.

ഇത് മരുന്ന് പരീക്ഷണമല്ല, തട്ടിപ്പാണെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ആരോപിച്ചു. മൂന്നു ദിവസത്തിനുളളില്‍ നിംസില്‍ നിന്ന് പരിശോധനാ ഫലം ലഭിക്കില്ല. മരുന്ന് നല്‍കിയത് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കാണ്. നിംസിന് പുറമേ മറ്റ് പ്രദേശങ്ങളിലും കോവിഡ് ബാധിതരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് അന്ന് തന്നെ കണ്ടെത്തിയിട്ടുണ്ടെണ്ടും രാജസ്ഥാന്‍ സര്‍ക്കാര്‍ പറയുന്നു.

അതേസമയം പതഞ്ജലി പുറത്തിറക്കിയ മരുന്നിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മരുന്നിന്റെ ചേരുവകള്‍, ഗവേഷണ വിവരങ്ങള്‍ എന്നിവ നല്‍കാനാണ് ആയുഷ് വകുപ്പിന്റെ നിര്‍ദേശം. അതുവരെ കോവിഡ് മരുന്ന് എന്ന തരത്തില്‍ പരസ്യം നല്‍കരുതെന്നും പതഞ്ജലിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കോവിഡ് ചികിത്സയ്ക്കു ഫലപ്രദം എന്ന് അവകാശപ്പെട്ട് കൊറോണില്‍ ടാബ്ലറ്റ്, സ്വാസാരി വടി എന്നിവയാണ് പതഞ്ജലി വിപണിയില്‍ ഇറക്കിയത്. ഇവ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മാത്രമല്ല, കോവിഡ് മാറ്റാന്‍ ഫലപ്രദമാണെന്നും ഹരിദ്വാറില്‍ നടത്തിയ ചടങ്ങില്‍ പതഞ്ജലി അവകാശപ്പെട്ടിരുന്നു.

പഞ്ജലിയുടെ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട വസ്തുത അറിയില്ലെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു. മരുന്ന് വികസിപ്പിക്കുന്നതിനു വേണ്ടി നടത്തിയ ഗവേഷങ്ങളെക്കുറിച്ചും വിവരമില്ല. ഉത്പന്നത്തിന്റെ വിവരങ്ങളെക്കുറിച്ചും ഗവേഷണത്തെക്കുറിച്ചുമുള്ള കാര്യങ്ങള്‍ പരിശോധിച്ചു ബോധ്യപ്പെടുന്നതു വരെ പരസ്യം നല്‍കരുതെന്ന് മന്ത്രലായം നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com