വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന, സൈബര്‍ ആക്രമണത്തില്‍ വര്‍ധന; അഞ്ചുദിവസത്തിനിടെ 40000 കേസുകള്‍, ജാഗ്രത

നിയന്ത്രണരേഖയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനുളള ശ്രമങ്ങള്‍ തുടരവേ, ഇന്ത്യയെ കേന്ദ്രീകരിച്ചുളള ചൈനയുടെ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: നിയന്ത്രണരേഖയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനുളള ശ്രമങ്ങള്‍ തുടരവേ, ഇന്ത്യയെ കേന്ദ്രീകരിച്ചുളള ചൈനയുടെ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ചു ദിവസത്തിനിടെ 40000 സൈബര്‍ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് ഐടി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

വ്യാജ ഇ-മെയില്‍ സന്ദേശം അയച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നത് ഉള്‍പ്പെടെ വന്‍തോതിലുളള സൈബര്‍ ആക്രമണങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകാനുളള സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ സംശയം തോന്നുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെയാണ് അഞ്ചുദിവസത്തിനിടെ ചൈനയിലെ ഹാക്കര്‍മാര്‍ 40000 സൈബര്‍ ആക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നത്.

അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അയല്‍രാജ്യത്ത് നിന്നുളള വലിയതോതിലുളള സൈബര്‍ ആക്രമണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് മഹാരാഷ്ട്രയിലെ സൈബര്‍ വിംഗ് തലവന്‍ യശസ്വി യാദവ് പറയുന്നു.ചൈനയിലെ ചെംഗ്ഡു മേഖല കേന്ദ്രീകരിച്ചാണ് ഒട്ടുമിക്ക സൈബര്‍ ആക്രമണങ്ങളും. സേവനം നിഷേധിക്കുക, ഹൈജാക്കിങ് ഉള്‍പ്പെടെയുളള കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം ncov2019@gov.in എന്ന വ്യാജ ഇ-മെയില്‍ ഐഡിയില്‍ നിന്ന്് സന്ദേശങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇ- മെയില്‍ ഐഡിയില്‍ നിന്ന് വരുന്ന സന്ദേശങ്ങളില്‍ വീണുപോവരുതെന്നും ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com