കോവിഡ് മരുന്ന് എത്തുന്നു; മഹാരാഷ്ട്ര ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് റെംഡെസിവിറിന്റെ ആദ്യ ബാച്ച്

രോഗവ്യാപനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന മഹാരാഷ്ട്ര ഉള്‍പ്പെടെയുളള അഞ്ചു സംസ്ഥാനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി കോവിഡ് മരുന്നിന്റെ ആദ്യ ബാച്ച് അയച്ചു
കോവിഡ് മരുന്ന് എത്തുന്നു; മഹാരാഷ്ട്ര ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് റെംഡെസിവിറിന്റെ ആദ്യ ബാച്ച്

ന്യൂഡല്‍ഹി:  രോഗവ്യാപനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന മഹാരാഷ്ട്ര ഉള്‍പ്പെടെയുളള അഞ്ചു സംസ്ഥാനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി കോവിഡ് മരുന്നിന്റെ ആദ്യ ബാച്ച് അയച്ചു. കോവിഡിനെതിരെ മരുന്ന് പരീക്ഷണ ഘട്ടത്തിലുളള റെംഡെസിവിറിന്റെ ആദ്യ ബാച്ചാണ് ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയായ ഹെറ്റെറോ അയച്ചത്. രാജ്യത്ത് റെംഡെസിവിര്‍ ഉത്പാദിപ്പിക്കാനും വിപണം ചെയ്യാനും ഹെറ്റെറോയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ആന്റിവൈറല്‍ മരുന്നാണ് റെംഡെസിവിര്‍.

കോവിഫോര്‍ എന്ന പേരിലാണ് മരുന്ന് രാജ്യത്ത് വിപണനത്തിന് എത്തുക. മഹാരാഷ്ട്ര ഉള്‍പ്പെടെയുളള അഞ്ചു സംസ്ഥാനങ്ങള്‍ക്കായി 20000 മരുന്നു കുപ്പികളാണ് അയച്ചത്. രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവുമധികം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ ഹൈദരാബാദിലും മരുന്ന് ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കും.

മൂന്നാഴ്ചക്കിടെ ഒരു ലക്ഷം കോവിഫോര്‍ മരുന്ന് കുപ്പികള്‍ നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത ഘട്ടത്തില്‍ കോവിഡ് രോഗം പടര്‍ന്നുപിടിക്കുന്ന കൊല്‍ക്കത്ത, ഇന്‍ഡോര്‍, ഭോപ്പാല്‍, ലക്‌നൗ, പട്‌ന, ഭുവന്വേശ്വര്‍, റാഞ്ചി, വിജയവാഡ, കൊച്ചി. തിരുവനന്തപുരം, ഗോവ എന്നി നഗരങ്ങളെ പരിഗണിക്കുമെന്നാണ് കമ്പനി പറയുന്നത്.

ഹെറ്റെറോയ്ക്ക് പുറമേ സിംപ്ലയും വൈകാതെ തന്നെ മരുന്ന് വിപണിയില്‍ എത്തിക്കും.റെംഡെസിവിറിന്റെ യഥാര്‍ത്ഥ നിര്‍മ്മാതാക്കളായ അമേരിക്കന്‍ കമ്പനി ഗിലാഡുമായി സിപ്ല കരാറില്‍ എത്തി. അടിയന്തര സാഹചര്യത്തില്‍ കോവിഡ് രോഗിക്ക് ആറു മരുന്നുകുപ്പികളാണ് വേണ്ടി വരിക. 100 മില്ലിഗ്രാം വരുന്ന ഒരു കുപ്പിക്ക് 5400 രൂപയാണ് വില വരുക. സിപ്ല 5000 രൂപയില്‍ താഴെ വിലയില്‍ മരുന്ന് വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ വിപണനത്തിന് സിപ്ലയ്ക്കും ഹെറ്റെറോയ്ക്കും ഡ്രഗസ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com