ചൈന അന്താരാഷ്ട്ര കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു, പിടിയിലായ  പട്ടാളക്കാരെ ഇന്ത്യ ഉടന്‍ വിട്ടയച്ചു; ചൈന 50 ഇന്ത്യന്‍ സൈനികരെ വിട്ടയച്ചത് ഒരു ദിവസം കഴിഞ്ഞ്

അന്താരാഷ്ട്ര കീഴ്‌വഴക്കങ്ങള്‍ മാനിച്ച് സംഘര്‍ഷം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പിടിയിലായ ചൈനീസ് സൈനികരെ തിരികെ നല്‍കി ഇന്ത്യ മാതൃക കാണിച്ചു
ചൈന അന്താരാഷ്ട്ര കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു, പിടിയിലായ  പട്ടാളക്കാരെ ഇന്ത്യ ഉടന്‍ വിട്ടയച്ചു; ചൈന 50 ഇന്ത്യന്‍ സൈനികരെ വിട്ടയച്ചത് ഒരു ദിവസം കഴിഞ്ഞ്

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന സംഘര്‍ഷത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അന്താരാഷ്ട്ര കീഴ്‌വഴക്കങ്ങള്‍ മാനിച്ച് സംഘര്‍ഷം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പിടിയിലായ ചൈനീസ് സൈനികരെ തിരികെ നല്‍കി ഇന്ത്യ മാതൃക കാണിച്ചു. അതേസമയം ധാരണകള്‍ ലംഘിച്ച് ഒരു ദിവസം കഴിഞ്ഞാണ് പിടിയിലായ 50 ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന് ശേഷവും കാണാതായ 10 ഇന്ത്യന്‍ സൈനികരെ വിട്ടയ്ക്കാന്‍ ചൈന മൂന്ന് ദിവസം എടുത്തതായും സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

നിയന്ത്രണരേഖയിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ജൂണ്‍ 15ന് രാത്രിയാണ് ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. പീപ്പീള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 40ലധികം സൈനികരെ ഇന്ത്യ വധിച്ചതായുമാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം ലഘൂകരിക്കുന്നതിന് കഴിഞ്ഞ ദിവസം സൈനിക തലത്തില്‍ ധാരണയില്‍ എത്തിയിരുന്നു. അതിനിടെയാണ് അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാത്ത ചൈനീസ് ആര്‍മിയുടെ പെരുമാറ്റം സംബന്ധിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

രാത്രി ഒന്‍പത് മണിയോടെ ഇരുരാജ്യത്തെയും സൈനികര്‍ തമ്മിലുളള ഏറ്റുമുട്ടല്‍ അവസാനിച്ചുവെങ്കിലും പിറ്റേന്ന് രാവിലെയോടെയാണ് സ്ഥിതിഗതികള്‍ വ്യക്തമായത്. കാണാതായ സൈനികരെ കണ്ടെത്തുന്നതിന് വേണ്ടിയുളള തെരച്ചില്‍ തുടരുന്നതിനിടെ, ജൂണ്‍ 16ന്‌ രാവിലെ തന്നെ പിടിയിലായ ചൈനീസ് പട്ടാളക്കാരെ ഇന്ത്യന്‍ സൈന്യം തിരികെ നല്‍കി. എന്നാല്‍ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ധാരണകള്‍ ലംഘിച്ച് പിടിയിലായ സൈനികരെ ഉടന്‍ വിട്ടയ്ക്കാന്‍ ചൈന തയ്യാറായില്ലെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.

24 മണിക്കൂറിന് ശേഷമാണ് 50ലധികം ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചത്. എന്നാല്‍ നിരവധിപ്പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് ചൈനീസ് അധികൃതരുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടെങ്കിലും സൈനികരെ തിരികെ നല്‍കുന്നതില്‍ കൃത്യമായ സമയക്രമം പറയാന്‍ ചൈന കൂട്ടാക്കിയില്ല. മൂന്ന് ദിവസം കഴിഞ്ഞ് വ്യാഴാഴ്ചയോടെയാണ് അവശേഷിക്കുന്ന 10 സൈനികരെ ചൈന വിട്ടയച്ചതെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com