പ്രകോപനം തുടര്‍ന്ന് ചൈന, ഗല്‍വാനില്‍ സൈനിക പോസ്റ്റുകള്‍ സ്ഥാപിച്ചു;   ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്

നിയന്ത്രണരേഖയില്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന് സൈനിക തലത്തില്‍ ഇരുരാജ്യങ്ങളും ധാരണയായിരിക്കേ, ഇന്ത്യക്കെതിരെ വീണ്ടും ചൈനീസ് പ്രകോപനം
ഉപഗ്രഹ ദൃശ്യം
ഉപഗ്രഹ ദൃശ്യം

ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന് സൈനിക തലത്തില്‍ ഇരുരാജ്യങ്ങളും ധാരണയായിരിക്കേ, ഇന്ത്യക്കെതിരെ വീണ്ടും ചൈനീസ് പ്രകോപനം. നിയന്ത്രണരേഖയില്‍ അടുത്തിടെ ഏറ്റുമുട്ടല്‍ നടന്ന കിഴക്കന്‍ ലഡാക്കിലെ ഗല്‍വന്‍ താഴ്‌വരയ്ക്ക് സമീപം ചൈന സൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തുവന്നു.  സൈനിക വാഹനങ്ങളെയും സൈനികരെയും കൂടുതലായി വിന്യസിച്ചാണ് ചൈന പ്രകോപനം സൃഷ്ടിക്കുന്നത്. ജൂണ്‍ 15 ന് ഇരുരാജ്യത്തെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തിന് സമീപമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടക്കം ചൈന തകൃതിയായി നടത്തുന്നത്.

20 സൈനികര്‍ വീരമൃത്യു വരിച്ച പട്രോള്‍ പോയിന്റ് 14ന് സമീപം ചൈന നിരീക്ഷണ പോസ്റ്റ് നിര്‍മ്മിച്ചത് ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ പ്രകോപനം സംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് സംഘര്‍ഷം നടന്ന സ്ഥലത്ത് നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയില്‍ എത്തിയത്.

അമേരിക്കന്‍ കമ്പനിയായ മാക്‌സര്‍ ടെക്‌നോളജീസാണ് പുതിയ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഗല്‍വാന്‍ മേഖലയില്‍ കടന്നുകയറിയത് മാത്രമല്ല, പ്രദേശത്ത് സൈനികമായി മേല്‍ക്കൈ നേടുന്നതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ ചൈന നടത്തിവരുന്നതായും വിദഗ്ധര്‍ പറയുന്നു.  പിപി-14ല്‍ വലിയതോതിലുളള നിരീക്ഷണ പോസ്റ്റ് സ്ഥാപിച്ചതിന്റെ തെളിവ് ഉപഗ്രഹ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഗല്‍വന്‍ നദീതീരത്ത് നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി ഉപഗ്രഹ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.ടെന്റടിച്ച ക്യാമ്പുകള്‍, സൈനിക വാഹനങ്ങളും, വലിയ ട്രക്കുകളും, ബുള്‍ഡോസറുകളും ദൃശ്യമാണ്. റോഡുനിര്‍മ്മാണവും നടക്കുന്നുന്നതായി ദൃശ്യങ്ങളെ ഉദ്ധരിച്ച് മുന്‍ ലഫ്റ്റനന്റ് ജനറല്‍ ഡി എസ് ഹൂഡ പറയുന്നു.

ഇതിന് പുറമേ നിയന്ത്രണരേഖയില്‍ ഡെപ്‌സാങ്, ഗോഗ്ര പോസ്റ്റ് എന്നിവിടങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കവചിത വാഹനങ്ങള്‍, പീരങ്കി യൂണിറ്റുകള്‍ എന്നിവയാണ് ഇവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com