ഇന്ത്യയുമായുളള സൗഹാര്‍ദം തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു, അസമിലേക്കുളള വെളളം തടഞ്ഞിട്ടില്ല; ആരോപണം അടിസ്ഥാനരഹിതമെന്ന് ഭൂട്ടാന്‍

കൃഷിക്കാവശ്യമായ വെളളം അസമിന് നിഷേധിച്ചതായുളള റിപ്പോര്‍ട്ടുകള്‍ തളളി ഭൂട്ടാന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിംപു:കൃഷിക്കാവശ്യമായ വെളളം അസമിന് നിഷേധിച്ചതായുളള റിപ്പോര്‍ട്ടുകള്‍ തളളി ഭൂട്ടാന്‍. ഇന്ത്യയെ തെറ്റിദ്ധരിപ്പിക്കാന്‍ ചില സ്ഥാപിത താത്പര്യക്കാര്‍ വ്യാജമായി സൃഷ്ടിച്ച വാര്‍ത്തയാണിതെന്ന് ഭൂട്ടാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അസമിലെ കര്‍ഷകര്‍ക്ക് ജലസേചനത്തിന് ആവശ്യമായ വെളളം ഭൂട്ടാന്‍ തടഞ്ഞു എന്നതായിരുന്നു ആരോപണം. അസമിലെ ബക്‌സാ, ഉദല്‍ഗുരി ജില്ലകളില്‍ കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന വെളളം ഭൂട്ടാന്‍ തടഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭൂട്ടാന്റെ വിശദീകരണം.

വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഭൂട്ടാന്‍ വ്യക്തമാക്കി. ഈ സമയത്ത് വെളളത്തിന്റെ ഒഴുക്ക് തടയേണ്ട ഒരു സാഹചര്യവും നിലനില്‍ക്കുന്നില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഭൂട്ടാനിലെയും അസമിലെയും ജനങ്ങള്‍ തമ്മിലുളള സൗഹാര്‍ദം തകര്‍ക്കാനുളള ശ്രമമാണിതെന്നും ഭൂട്ടാന്‍ ആരോപിച്ചു. സ്വാഭാവികമായി വെളളത്തിന്റെ ഒഴുക്കില്‍ ഉണ്ടായ തടസമാണെന്നും വാര്‍ത്തകള്‍ തെറ്റാണെന്നും അസം സര്‍ക്കാര്‍ ഇന്നലെ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭൂട്ടാന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com