കല്യാണം കഴിച്ചിട്ട് ഒന്‍പത് വര്‍ഷം, കടുത്ത വയറുവേദനയെ തുടര്‍ന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി; 30 കാരി 'പുരുഷന്‍'

കടുത്ത വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി എത്തിയ 30കാരിയെ പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ഞെട്ടിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മെഡിക്കല്‍ ലോകത്തെ അമ്പരപ്പിച്ച് 'സ്ത്രീ പുരുഷനായി'. കടുത്ത വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി എത്തിയ 30കാരിയെ പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ഞെട്ടിയത്. സ്ത്രീക്ക് സമാനമായ ശരീരപ്രകൃതിയാണെങ്കിലും പുരുഷനാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. അപൂര്‍വ്വമായ കേസാണിതെന്നും 22000 ആളുകളില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത് കണ്ടുവരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വൃഷണത്തില്‍ കാന്‍സറാണ് 30കാരിയായ ബിര്‍ഭൂം സ്വദേശിക്ക്.

ഒന്‍പത് വര്‍ഷം മുന്‍പ് വിവാഹിതയായ 30കാരിയാണ് പരിശോധനയ്ക്ക് ശേഷം പുരുഷനാണെന്ന് തിരിച്ചറിഞ്ഞത്. കൊല്‍ക്കത്ത നഗരത്തിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് കാന്‍സര്‍ ആശുപത്രിയിലാണ് 30കാരി കടുത്ത വയറു വേദനയെ തുടര്‍ന്ന് ചികിത്സ തേടി എത്തിയത്. പരിശോധനയിലാണ് ക്യാന്‍സര്‍ വിദഗ്ധരായ അനുപം ദത്തയും ഡോ സൗമെന്‍ ദാസും 30കാരിയുടെ യഥാര്‍ത്ഥ രൂപം തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ 28 വയസുകാരിയായ സഹോദരിയില്‍ നടത്തിയ പരിശോധനയിലും ഞെട്ടിക്കുന്ന ഫലമാണ് പുറത്തുവന്നത്. ജനിതകമായി ആണാണെങ്കിലും ശരീര പ്രകൃതി സ്ത്രീയുടേതിന് സമാനമായ ആന്‍ഡ്രോജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രമാണ് സഹോദരിക്കെന്നും കണ്ടെത്തി.

30 കാരിയെ പ്രത്യക്ഷത്തില്‍ കണ്ടാല്‍ സ്ത്രീയെ പോലെയാണ്. സ്ത്രീയുടേതിന് സമാനമായ ശരീര പ്രകൃതിയാണ് ഉളളത്. എന്നാല്‍ ഗര്‍ഭാശയവും അണ്ഡാശയവും ഇല്ല. ജനനം മുതല്‍ തന്നെ ഇവ ഇല്ലാതിരുന്നത് കൊണ്ട് മാസമുറയും ഉണ്ടായിരുന്നില്ല. 30കാരിയുടെ ക്രോമസോം സംഖ്യ xy ആണ്. സ്ത്രീകളുടേത് xx ആണ്.കീമോ തെറാപ്പിക്ക് വിധേയയായ 30കാരിയുടെ ആരോഗ്യനില തൃപ്തികരമാണ്.

വൃഷണം പൂര്‍ണ വളര്‍ച്ചയെത്തിയിരുന്നില്ല. അതിനാല്‍ ടെസ്റ്റോ സ്റ്റീറോണ്‍ ഹോര്‍മോണിന്റെ ഉത്പാദനം നടന്നിട്ടില്ല. ശരീരം സ്ത്രീ ഹോര്‍മോണ്‍ ഉത്പാദിപ്പിച്ചിരുന്നത് കൊണ്ടാണ് സ്ത്രീകളുടേതിന് സമാനമായ ശരീര പ്രകൃതം ഉണ്ടായത്. കുട്ടികള്‍ ഉണ്ടാകാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒരുമിച്ച് ജീവിക്കുന്നതിന്റെ ഭാഗമായി ഭര്‍ത്താവിനെയും കൂട്ടി ഇരുവരെയും കൗണ്‍സിലിങ്ങിന് വിധേയമാക്കിയതായി ഡോക്ടര്‍മാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com