കോവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശിനെ പ്രശംസിച്ച് മോദി, യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ മുന്നിലെന്ന് പ്രധാനമന്ത്രി

നാലു യൂറോപ്യന്‍ രാജ്യങ്ങളിലായി 1,30,000 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്
കോവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശിനെ പ്രശംസിച്ച് മോദി, യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ മുന്നിലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നി യൂറോപ്യന്‍ രാജ്യങ്ങളുടെ മൊത്തം ജനസംഖ്യയ്ക്ക് തുല്യം വരും ഉത്തര്‍പ്രദേശിലെ ജനസംഖ്യ. ഈ നാലുരാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഇത് കേവലം 600 ആണെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ ഒരു കോടിയില്‍പ്പരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വിഭാവനം ചെയ്ത ആത്മ നിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോസ്ഗാര്‍ അഭിയാന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഉദ്ഘാടനം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യോഗി സര്‍ക്കാരിന്റെ സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിച്ചു. ഒരു കാലത്ത് ലോകം ഭരിച്ചിരുന്ന നാലു രാജ്യങ്ങളാണ് ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നി രാജ്യങ്ങള്‍. ഈ രാജ്യങ്ങളുടെ ഒന്നാകെ ജനസംഖ്യ 24 കോടി വരും. ഇന്ത്യയില്‍ ഉത്തര്‍പ്രദേശ് എന്ന സംസ്ഥാനത്തെ ജനസംഖ്യ മാത്രം 24 കോടിയാണ്. ഈ നാലു യൂറോപ്യന്‍ രാജ്യങ്ങളിലായി 1,30,000 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഇത് 600 മാത്രമാണ്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചു എന്നാണ് ഇത് കാണിക്കുന്നതെന്നും മോദി പറഞ്ഞു.

ആത്യന്തികമായി മരണമെന്നത് മരണം തന്നെയാണ്. ഓരോ ജീവനും വിലപ്പെട്ടതാണ്. ഒരാളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ദുഃഖം ഉണ്ടാക്കുന്ന കാര്യമാണ്. അതിപ്പോള്‍ ഇന്ത്യയില്‍ ആയാലും ലോകത്ത് എവിടെയായാലും. സാമൂഹിക അകലം ഉള്‍പ്പെടെയുളള മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങളോട് മോദി അഭ്യര്‍ത്ഥിച്ചു. കോവിഡിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതിനാല്‍ സാമൂഹിക അകലം പാലിക്കുക എന്നത് മരുന്നായി കാണണമെന്നും മോദി അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com