ലഡാക്കില്‍ സംയുക്ത സേനാഭ്യാസം ; കരസേന മേധാവി പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; അതിര്‍ത്തിയില്‍ അതീവ ജാഗ്രത

ഏതുസാഹചര്യവും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് വിഭാഗം ഡയറക്ടര്‍ ജനറല്‍എസ്എസ് ദേസ്വാള്‍
ലഡാക്കില്‍ സംയുക്ത സേനാഭ്യാസം ; കരസേന മേധാവി പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; അതിര്‍ത്തിയില്‍ അതീവ ജാഗ്രത


ലഡാക്ക് : അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ലഡാക്കില്‍ സൈനികാഭ്യാസ പ്രകടനം. കര-വ്യോമസേനകള്‍ സംയുക്തമായാണ് അഭ്യാസപ്രകടനം നടത്തിയത്. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും അപാചി അറ്റാക് ഹെലികോപ്റ്റര്‍, ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റര്‍, ചരക്ക് വിമാനങ്ങള്‍ എന്നിവ പങ്കെടുത്തു. കരസേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള സന്നാഹങ്ങളെയും വിമാനമാര്‍ഗം അതിര്‍ത്തി മേഖലകളില്‍ അതിവേഗം വിന്യസിക്കുന്നതിന്റെ പരിശീലനമാണു നടത്തിയത്.

അതിര്‍ത്തി മേഖലകളില്‍ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നിരീക്ഷണപ്പറക്കല്‍ നടത്തി. ചൈനീസ് യുദ്ധവിമാനങ്ങളും അതിര്‍ത്തിയോടു ചേര്‍ന്ന് നിലയുറപ്പിച്ചിട്ടുണ്ട്. സൈന്യത്തിന്റെ കൂടുതല്‍ ആയുധങ്ങളും അതിര്‍ത്ത് ബേസ് ക്യാമ്പിലേക്ക് എത്തിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ സംഘര്‍ഷാവസ്ഥ തുടര്‍ന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുമെന്നും, പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് സൈനിക അഭ്യാസപ്രകടനങ്ങള്‍. അതിര്‍ത്തിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് അനുമതി നല്‍കിയിരുന്നു. ഇതിനിടെ കരസേന മേധാവി ജനറല്‍ എം എം നാരാവ്‌നെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. റഷ്യയില്‍ സന്ദര്‍ശനത്തിലായിരുന്ന പ്രതിരോധമന്ത്രി ഇന്നലെയാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്.

ഏതുസാഹചര്യവും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് വിഭാഗം ഡയറക്ടര്‍ ജനറല്‍എസ്എസ് ദേസ്വാള്‍ പറഞ്ഞു. ഏതു വെല്ലുവിളിയും നേരിടാന്‍ ഒരുക്കമാണ്. രാജ്യത്തിന്റെ അതിര്‍ത്തിയും, പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും ദേസ്വാള്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സൈനികശേഷി വര്‍ധിപ്പിക്കുകയാണ്. ഇന്ത്യന്‍ സൈന്യം 36,000 സൈനികരെ കൂടുതലായി ലഡാക്കിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. ദസ്പാങിലേക്ക് ചൈനീസ് സൈന്യവും പതിനായിരത്തോളം സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്. അതിനിടെ ലഡാക്കിലെ പോങോങ്‌സോയില്‍ ചൈനീസ് സൈന്യം കടന്നുകയറുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com