തമിഴ്നാട്ടിൽ വീണ്ടും കസ്റ്റഡി മരണം; പൊലീസിന്റെ ക്രൂര പീഡനത്തിന് ഇരയായി ഓട്ടോ ഡ്രൈവർ മരിച്ചു

തമിഴ്നാട്ടിൽ വീണ്ടും കസ്റ്റഡി മരണം; പൊലീസിന്റെ ക്രൂര പീഡനത്തിന് ഇരയായി ഓട്ടോ ഡ്രൈവർ മരിച്ചു
തമിഴ്നാട്ടിൽ വീണ്ടും കസ്റ്റഡി മരണം; പൊലീസിന്റെ ക്രൂര പീഡനത്തിന് ഇരയായി ഓട്ടോ ഡ്രൈവർ മരിച്ചു

ചെന്നൈ: തൂത്തുക്കുടിയിൽ അച്ഛനും മകനും കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം കത്തുന്നതിനിടെ തമിഴ്‌നാട്ടിൽ വീണ്ടും കസ്റ്റഡി മരണം. പൊലീസ് കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡ്രൈവർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് 15 ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ കുമരേശൻ എന്ന ഓട്ടോ ഡ്രൈവറാണ് മരിച്ചത്‌.

ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചതായിരുന്നു പൊലീസ് കുമരേശനെ. ഒരു ദിവസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ ഇയാൾ വീട്ടുകാരോട് അധികം സംസാരിച്ചില്ല. പിന്നീട് രക്തം ഛർദ്ദിക്കാൻ തുടങ്ങിയതോടെ കുമരേശനെ സുരണ്ടായിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. തുടർന്ന് അവിടെ നിന്ന് തിരുനൽവേലിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വ‌ൃക്കയ്ക്കും മറ്റ്‌ ആന്തരികാവയവങ്ങൾക്കും ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ടെന്ന്‌ ഡോക്ടർമാർ വ്യക്തമാക്കി.

അപ്പോഴാണ് കുമരേശൻ സ്റ്റേഷനിൽ വച്ച് പൊലീസുകാർ ക്രൂരമായി പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. നടന്ന കാര്യങ്ങൾ പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പിതാവിനെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി കുമരേശൻ മരിക്കുന്നതിന് മുമ്പ് വെളിപ്പെടുത്തുകയുണ്ടായി.

കുമാരേശന് നീതി ആവശ്യപ്പെട്ട് ബന്ധുക്കൾ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സബ് ഇൻസ്‌പെക്ടർ ചന്ദ്രശേഖർ, കോൺസ്റ്റബിൾ കുമാർ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ദിവസങ്ങൾക്ക് മുൻപ് തൂത്തുക്കുടിയിൽ അറസ്റ്റിലായ അച്ഛനും മകനും പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപിക്കുകയാണ്. തൂത്തുക്കുടിയിലെ സാത്താങ്കുളത്ത് വ്യാപാര സ്ഥാപനം നടത്തുന്ന ജയരാമൻ (58), മകൻ ബെന്നിക്സ് (31) എന്നിവരാണ് മരിച്ചത്. മലദ്വാരത്തിൽ കമ്പിയും മറ്റും കുത്തിക്കയറ്റിയായിരുന്നു ഇവർക്കെതിരെയുള്ള പൊലീസിന്റെ ക്രൂരത എന്നാണ് ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com