അഞ്ചുദിവസത്തിനിടെ രണ്ടായിരത്തോളം കേസുകള്‍, ഇന്നലെ മാത്രം ആയിരത്തില്‍പ്പരം; നിയന്ത്രണം കടുപ്പിക്കാന്‍ ഒരുങ്ങി കര്‍ണാടക

കര്‍ണാടകയില്‍ ആശങ്ക ഇരട്ടിയാക്കി കോവിഡ് രോഗവ്യാപനം ഉയരുന്നു.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ബംഗളൂരു: കര്‍ണാടകയില്‍ ആശങ്ക ഇരട്ടിയാക്കി കോവിഡ് രോഗവ്യാപനം ഉയരുന്നു. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധന സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്നത് തടയുന്നതില്‍ ഒരാഴ്ച മുന്‍പ് വരെ കര്‍ണാടക ഒരു പരിധി വരെ വിജയിച്ചിരുന്നു. എന്നാല്‍ ഇന്നലെ മാത്രം ആയിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കാനുളള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

ജൂണ്‍ 23 വരെ 1556 പേരാണ് സംസ്ഥാനത്ത വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്നത്. ജൂണ്‍ 28 ആയപ്പോഴേക്കും ഇത് 3419 ആയി ഉയര്‍ന്നിരിക്കുകയാണ്. അതായത് അഞ്ചു ദിവസത്തിനിടെ രണ്ടായിരത്തോളം പേര്‍ക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. ഇത് കര്‍ണാടകയില്‍ മൊത്തം സ്ഥിരീകരിച്ചവരുടെ 25.92 ശതമാനം വരുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു.

നിലവില്‍ സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവിലെ ചില സ്ഥലങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്. നിയന്ത്രണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. എല്ലാ രോഗികള്‍ക്കും ചികിത്സ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുമെന്നും മന്ത്രി സുധാകര്‍ പറയുന്നു.

രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചില്ലെങ്കില്‍ ബംഗളൂരു ബ്രസീല്‍ പോലെ ആകുമെന്ന് മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കഴിഞ്ഞ ദിവസമാണ് മുന്നറിയിപ്പ് നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com