ടിക്‌ടോക്‌ താരമായ യുവതി സ്വന്തം ബ്യൂട്ടി പാർലറിൽ മരിച്ച നിലയിൽ; അയൽക്കാരൻ ഒളിവിൽ

ടിക്‌ടോക്‌ താരമായ യുവതി സ്വന്തം ബ്യൂട്ടി പാർലറിൽ മരിച്ച നിലയിൽ; അയൽക്കാരൻ ഒളിവിൽ
2
2

ചണ്ഡീഗഢ്: ടിക്‌ടോക്‌ താരമായ യുവതിയെ സ്വന്തം ബ്യൂട്ടി പാർലറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സോണിപത്ത് സ്വദേശിയായ ശിവാനി ഖുബിയാനാണ് മരിച്ചത്. ടിക്‌ടോക്കിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമാണ് ശിവാനി.

ഞായറാഴ്ച രാവിലെയാണ് ബ്യൂട്ടി പാർലറിനുള്ളിൽ ശിവാനിയുടെ മൃതദേഹം കണ്ടെത്തിയത്. അയൽക്കാരനായ ആരിഫാണ് ശിവാനിയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ഒളിവിൽ പോയ ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ച വൈകീട്ട് ബ്യൂട്ടി പാർലറിന്റെ പാർട്ട്ണറായ നീരജ് സ്ഥാപനം തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. സ്ഥാപനത്തിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിക്കുകയായിരുന്നു. അകത്തെ ക്യാബിനിനുള്ളിലായിരുന്നു മൃതദേഹം. ഉടൻ തന്നെ പൊലീസിനെയും ശിവാനിയുടെ ബന്ധുക്കളെയും ഇയാൾ വിവരമറിയിച്ചു.

അയൽക്കാരനും സുഹൃത്തുമായ ആരിഫ് ഏറെക്കാലമായി ശിവാനിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നതായാണ് വിവരം. കഴിഞ്ഞ മൂന്ന് വർഷമായി ആരിഫ് ശിവാനിയെ ഇക്കാര്യം പറഞ്ഞ് ശല്യം ചെയ്തിരുന്നു. ശല്യം സഹിക്ക വയ്യാതെ ശിവാനിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. തുടർന്ന് സംഭവിച്ചതിനെല്ലാം ആരിഫ് മാപ്പ് പറഞ്ഞു. എന്നാൽ ഇതിനു ശേഷവും ആരിഫ് ശിവാനിയെ ശല്യം ചെയ്യുന്നത് തുടർന്നുവെന്നാണ് കുടുംബം പറയുന്നത്.

ജൂൺ 26 ന് ആരിഫ് ശിവാനിയെ കാണാനെത്തിയിരുന്നു. അന്നേദിവസം തന്നെ ശിവാനിയെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമികമായ കണ്ടെത്തൽ. 26ന് രാത്രി ശിവാനി വീട്ടിൽ തിരിച്ചെത്താത്തതിനാൽ സഹോദരി ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. എന്നാൽ അൽപ്പ സമയത്തിന് ശേഷം ശിവാനിയുടെ ഫോണിൽ നിന്ന് സന്ദേശം വന്നു. താൻ ഹരിദ്വാറിലുണ്ടെന്നും ചൊവ്വാഴ്ച മടങ്ങിവരുമെന്നും കുഴപ്പമൊന്നുമില്ലെന്നുമായിരുന്നു സന്ദേശം. ഇത് വിശ്വസിച്ചിരിക്കുന്നതിനിടെയാണ് ഞായറാഴ്ച മൃതദേഹം കണ്ടെത്തിയത്.

ശിവാനി കൊല്ലപ്പെട്ടിട്ടും ടിക്‌ടോക് അക്കൗണ്ടിൽ നിന്ന് ആരിഫ് ചില വീഡിയോകൾ പോസ്റ്റ് ചെയ്തതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ശിവാനി ജീവിപ്പിച്ചിരിപ്പുണ്ടെന്ന് തോന്നിക്കാനായിരുന്നു ഈ നീക്കം. യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഏഴ് മണിക്കൂർ മുമ്പ് വരെ ടിക്‌ടോക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും പോസ്റ്റുകൾ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ശ്വാസംമുട്ടിച്ചാണ് ശിവാനിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com