കടകളില്‍ കൂടുതല്‍ ആളുകള്‍ ആവാം; രാത്രി കര്‍ഫ്യൂ 10 മുതല്‍, സിനിമ തിയേറ്റര്‍, ബാര്‍ തുറക്കില്ല; അണ്‍ലോക്ക്-2 നിര്‍ദേശങ്ങള്‍

രാജ്യത്തെ പൂര്‍വ്വസ്ഥിതിയിലേക്ക് മടക്കി കൊണ്ടുവരേണ്ടതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടാം ഘട്ട തുറന്നിടല്‍ പ്രഖ്യാപനത്തില്‍ കടകള്‍ക്ക് ഇളവ്
കടകളില്‍ കൂടുതല്‍ ആളുകള്‍ ആവാം; രാത്രി കര്‍ഫ്യൂ 10 മുതല്‍, സിനിമ തിയേറ്റര്‍, ബാര്‍ തുറക്കില്ല; അണ്‍ലോക്ക്-2 നിര്‍ദേശങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ പൂര്‍വ്വസ്ഥിതിയിലേക്ക് മടക്കി കൊണ്ടുവരേണ്ടതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടാം ഘട്ട തുറന്നിടല്‍ പ്രഖ്യാപനത്തില്‍ കടകള്‍ക്ക് ഇളവ്. നിലവില്‍ നിബന്ധനകള്‍ പാലിച്ച് കൊണ്ട് മാത്രം കടകള്‍ തുറക്കാനാണ് അനുമതി നല്‍കിയിരുന്നത്. അതായത് ഒരേ സമയം കടയില്‍ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. ഇതാണ് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ ഒഴിവാക്കിയത്. അതേസമയം സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുളള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുന്നത് ജൂലൈ 31 വരെ നീട്ടിയതാണ് ഉത്തരവിലെ സുപ്രധാനമായ തീരുമാനം. അതേസമയം ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കും. സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഒഴികെ രാജ്യാന്തര വിമാന സര്‍വീസുകള്‍ അനുവദിച്ചിട്ടില്ല. മെട്രോയും അടഞ്ഞു കിടക്കും. സിനിമ ഹാള്‍, ജിം, സ്വിമ്മിങ് പൂള്‍, വിനോദ കേന്ദ്രങ്ങളായ പാര്‍ക്കുകള്‍, തിയേറ്ററുകള്‍, ബാറുകള്‍, ഓഡിറ്റോറിയം, എന്നിവ തുറന്നുപ്രവര്‍ത്തിക്കേണ്ടതില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. തുറന്നിടലിന്റെ മൂന്നാം ഘട്ടത്തില്‍ ഇത്തരം നിരോധനങ്ങള്‍ പിന്‍വലിച്ചേക്കുമെന്നും സര്‍ക്കാര്‍ സൂചന നല്‍കി.

ആള്‍ക്കൂട്ടം ഉണ്ടാകാനുളള ഇടയുളള സാമൂഹ്യ, രാഷ്ട്രീയ, കായിക, സാംസ്‌കാരിക പരിപാടികള്‍ക്കുളള വിലക്ക് തുടരും. ആളുകള്‍ തടിച്ചുകൂടാന്‍ സാധ്യതയുളള മതപരമായ ചടങ്ങുകള്‍ക്കുള്ള നിരോധനവും ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരും. അവശ്യ സര്‍വീസുകള്‍ മാത്രമെ ഇത്തരം മേഖലകളില്‍ അനുവദിക്കുകയുള്ളു. രാത്രി കര്‍ഫ്യു തുടരും. രാത്രി പത്ത് മണി മുതല്‍ രാവിലെ അഞ്ച് മണി വരെയായിരിക്കും കര്‍ഫ്യു.

മുഖാവരണം ഉള്‍പ്പെടെ കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കണം. സാമൂഹിക അകലം ഉറപ്പാക്കണം. കല്യാണത്തിന് 50ല്‍ അധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. മരണാനന്തര ചടങ്ങുകളില്‍ 20ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതും, പാന്‍, ഗുട്ക എന്നിവയുടെ ഉപയോഗവും നിരോധിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com