കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം വരന്‍ കോവിഡ് ബാധിച്ച് മരിച്ചു, ബന്ധുക്കള്‍ അടക്കം കല്യാണത്തില്‍ പങ്കെടുത്ത 95 പേര്‍ക്ക് വൈറസ് ബാധ; ഭീതിയില്‍ ഒരു നാട്

ബിഹാറില്‍ കല്യാണത്തില്‍ പങ്കെടുത്ത 90ലധികം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, സംസ്ഥാനം ഭീതിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: ബിഹാറില്‍ കല്യാണത്തില്‍ പങ്കെടുത്ത 90ലധികം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, സംസ്ഥാനം ഭീതിയില്‍. സംസ്ഥാനത്ത് ഒരു സംഭവവുമായി ബന്ധപ്പെട്ട് വ്യാപകമായ തോതില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമായെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം വരന്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. വരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ബന്ധുക്കള്‍ അടക്കമുളളവര്‍ക്കാണ് വലിയ തോതില്‍ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിട്ട് കൂടി സവ്ര പരിശോധന നടത്താതെ വരന്റെ മൃതദേഹം സംസ്‌കരിച്ചതും വിവാദമായിരിക്കുകയാണ്.

പട്‌നയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുളള പാലിഗഞ്ച് സ്വദേശിയായ യുവാവാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഗുരുഗ്രാമിലെ സോഫ്റ്റ് എന്‍ജിനീയറായിരുന്ന യുവാവ് കല്യാണം കഴിഞ്ഞ് രണ്ടാം ദിവസമാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചത്. യുവാവിന്റെ അടുത്ത ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പട്‌ന ജില്ലാ ഭരണകൂടം വരന്റെ മരണം അറിയുന്നത്. ജൂണ്‍ 15ന് നടന്ന വിവാഹ പരിപാടിയില്‍ പങ്കെടുത്ത അടുത്ത ബന്ധുക്കളായ 15 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ, അടിയന്തര നടപടി സ്വീകരിച്ച ജില്ലാ ഭരണ കൂടം, സമ്പര്‍ക്കം പുലര്‍ത്തിയവരെ മുഴുവനും കണ്ടെത്താനുളള ശ്രമമായി. തിങ്കളാഴ്ച വരെ നടത്തിയ പരിശോധനയില്‍ 80 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഭീതിയിലായിരിക്കുകയാണ് ബീഹാര്‍. ഒരു സംഭവവുമായി ബന്ധപ്പെട്ട് ഇത്രയുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ആശങ്കപ്പെടുത്തുന്നത്.

മെയ് 12 നാണ് കല്യാണത്തിനായി വരന്‍ നാട്ടില്‍ എത്തിയത്. ഈസമയത്ത് നേരിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെങ്കിലും അത് കാര്യമാക്കാതെ, കല്യാണവുമായി മുന്നോട്ടുപോയി. കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം യുവാവിന്റെ ആരോഗ്യനില മോശമായി. തുടര്‍ന്ന് എയിംസിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം വധുവിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്.

അതിനിടെ, കോവിഡ് പരിശോധന നടത്താതെ കുടുംബക്കാര്‍ വരന്റെ ശവസംസ്‌കാരം നടത്തി. വൈകിയാണ് ഇക്കാര്യം പട്‌ന ഭരണകൂടം അറിഞ്ഞത്. തുടര്‍ന്ന്് വലിയ തോതില്‍ മേഖലയില്‍ പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് 95 കോവിഡ് കേസുകള്‍ കണ്ടെത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച വരന്റെ കുടുംബത്തിന് എതിരെ നടപടിക്ക് ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com