കോവിഡ് മരുന്നെന്ന പേരില്‍ വില്‍ക്കരുത്; പതഞ്ജലിയോട് കേന്ദ്ര ആയുഷ് മന്ത്രാലയം

കോവിഡ് 19 രോഗത്തെപ്പറ്റി മരുന്നിന്റെ ലേബലില്‍പോലും അവകാശവാദം ഉന്നയിക്കാനാവില്ലെന്നും മന്ത്രാലയം
കോവിഡ് മരുന്നെന്ന പേരില്‍ വില്‍ക്കരുത്; പതഞ്ജലിയോട് കേന്ദ്ര ആയുഷ് മന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് രോഗം സുഖപ്പെടുത്തുമെന്ന് അവകാശപ്പെട്ട് രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിന് മരുന്ന് വില്‍പ്പന നടത്താനാകില്ലെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. കോവിഡ് 19 രോഗത്തെപ്പറ്റി മരുന്നിന്റെ ലേബലില്‍പോലും അവകാശവാദം ഉന്നയിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ദിവ്യ കോറോണില്‍ ടാബ്‌ലെറ്റ് അടക്കമുള്ളവയുടെ പാക്കേജിലോ ലേബലിലോ കോവിഡ് രോഗം ഭേദമാക്കുമെന്ന അവകാശവാദം ഉന്നയിക്കാന്‍ പാടില്ലെന്ന് ഉത്തരാഖണ്ഡ് ലൈസന്‍സിങ് അതോറിറ്റിക്ക് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ഡ്രഗ് പോളിസി വിഭാഗം അയച്ച ഇമെയിലില്‍ വ്യക്തമാക്കിയിരുന്നു. ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ടിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് മാത്രമെ മരുന്നിന്റെ പരസ്യങ്ങളും മറ്റു പ്രചാരണ പ്രവര്‍ത്തനങ്ങളും പാടുള്ളൂ.

വൈറസിന്റെ പ്രതീകാത്മക ചിത്രംപോലും മരുന്നിന്റെ ലേബലില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് പതഞ്ജലിയുടെ അവകാശവാദം. എന്നാല്‍ കോറോണിലിന്റെ ലേബലില്‍ വൈറസിന്റെ പ്രതീകാത്മക ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പതഞ്ജലിയുടെ നിര്‍മാണശാലയില്‍ പരിശോധന നടത്തിയ ഉത്തരാഖണ്ഡിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ലേബലിലെ പ്രതീകാത്മക ചിത്രവും അവകാശവാദവും പിന്‍വലിക്കണമെന്ന് പതഞ്ജലിക്ക് നിര്‍ദ്ദേശം നല്‍കി.

ഹരിദ്വാര്‍ ആസ്ഥാനമായ കമ്പനി കഴിഞ്ഞയാഴ്ചയാണ് കോറോണില്‍ അവതരിപ്പിച്ചത്. കോവിഡ് 19 രോഗം ഭേദമാക്കും എന്നായിരുന്നു അവകാശവാദം. ഏഴ് ദിവസം നടത്തിയ പരീക്ഷണത്തിനിടെ പതഞ്ജലിയുടെ മറ്റൊരു ഔഷധത്തിനൊപ്പം ഈ മരുന്ന് കഴിച്ച എല്ലാ കോവിഡ് ബാധിതര്‍ക്കും രോഗം ഭേദമായെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍, മരുന്നിന്റെ പരസ്യം ഇതുവരെ നല്‍കിയിട്ടില്ലെന്ന് പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ പറഞ്ഞു. കോവിഡ് രോഗം സുഖപ്പെടുത്തുമെന്നോ നിയന്ത്രിക്കുമെന്നോ തങ്ങള്‍ ഇതുവരെ അവകാശവാദം ഉന്നയിച്ചിട്ടില്ല. നിയന്ത്രിത സാഹചര്യത്തില്‍ കൊറോണ വൈറസ് ബാധികര്‍ക്കിടയില്‍ നടത്തിയ പരീക്ഷണത്തിനിടെ രോഗികള്‍ക്ക് അസുഖം ഭേദപ്പെട്ടുവെന്ന് മാത്രമാണ് അവകാശപ്പെട്ടത്. അക്കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മരുന്ന് അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം മരുന്നിന്റെ ചേരുവകളുടെയും ഇതിനുവേണ്ടി നടത്തിയ ഗവേഷണത്തിന്റെയും വിശദാംശങ്ങള്‍ അറിയിക്കണമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം പതഞ്ജലിയോട് നിര്‍ദ്ദേശിച്ചിരുന്നു. പരിശോധന പൂര്‍ത്തിയാകുംവരെ മരുന്നിന്റെ പരസ്യം നല്‍കരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com