ഡല്‍ഹിയില്‍ പ്രതീക്ഷ; കോവിഡ് മുക്തി നിരക്ക് 60 ശതമാനം കടന്നു; ദേശീയ ശരാശരിയേക്കാള്‍ മുകളില്‍

ഡല്‍ഹിയില്‍ പ്രതീക്ഷ; കോവിഡ് മുക്തി നിരക്ക് 60 ശതമാനം കടന്നു; ദേശീയ ശരാശരിയേക്കാള്‍ മുകളില്‍
ഡല്‍ഹിയില്‍ പ്രതീക്ഷ; കോവിഡ് മുക്തി നിരക്ക് 60 ശതമാനം കടന്നു; ദേശീയ ശരാശരിയേക്കാള്‍ മുകളില്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹി. ഇപ്പോഴിതാ ആശ്വാസത്തിന്റെ റിപ്പോര്‍ട്ടുകളാണ് അവിടെ നിന്ന് പുറത്ത് വരുന്നത്. ഡല്‍ഹിയിലെ കോവിഡ് മുക്തി ദേശീയ ശരാശരിയേക്കാള്‍ മുകളിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഡല്‍ഹിയിലെ രോഗ മുക്തി നിരക്ക് 66.03 ശതമാനമായി. ദേശീയ നിരക്ക് 58.67 ആയ ഘട്ടത്തിലാണ് ഡല്‍ഹിയുടെ നേട്ടം. 

ജൂണ്‍ മാസത്തില്‍ ഡല്‍ഹിയില്‍ 64,000 പുതിയ രോഗികള്‍ ഉണ്ടായിരുന്നു. ജൂണ്‍ 29 ആകുമ്പോഴേക്കും അവരില്‍ 47,357 പേര്‍ രോഗ മുക്തി നേടി ആശുപത്രി വിട്ടു. ജൂണ്‍ 20 ആകുമ്പോഴേക്കും ഡല്‍ഹിയിലെ രോഗ മുക്തി നിരക്ക് 50 ശതമാനം കടന്നിരുന്നു. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ഒരു ഘട്ടത്തില്‍ ഡല്‍ഹി മഹാരാഷ്ട്രയെ കടത്തിവെട്ടുമോ എന്ന ആശങ്കയും ഉയര്‍ന്നു. എന്നാല്‍ ജൂണ്‍ 19ലെ രോഗ മുക്തി നിരക്ക് 44.37 ശതമാനമായിരുന്നെങ്കില്‍ തൊട്ടടുത്ത ദിവസം അത് 55.14 ശതമാനമായി ഉയര്‍ന്നു. 

ജൂണ്‍ 23നാണ് ഡല്‍ഹിയില്‍ ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിരക്കില്‍ രേഖപ്പെടുത്തിയത്. അന്ന് 3,947 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അന്നത്തെ രോഗ മുക്തി നിരക്കാകട്ടെ 59.02 ആയിരുന്നു. 

അതിനിടെ ജൂണ്‍ 24ന് രോഗ മുക്തി നിരക്കില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. അന്ന് 58.86 ആയിരുന്നു ശതമാനമായിരുന്നു രോഗ മുക്തി. എന്നാല്‍ പിറ്റേദിവസം അത് 60.67 ആയി ഉയര്‍ന്നു. 24 മുതല്‍ 29 വരെ പിന്നീട് രോഗ മുക്തി നിരക്ക് 60 ശതമാനത്തില്‍ താഴാതെ നിന്നു. 

ജൂണ്‍ 26 ആയപ്പോള്‍ ഡല്‍ഹിയിലെ മൊത്തം രോഗികളുടെ എണ്ണം 77,240 ആയിരുന്നു. അന്ന് 47,091 പേര്‍ രോഗ മുക്തരായി. രോഗ മുക്തി നിരക്ക് 60.69 ആയിരുന്നു. 

തൊട്ടടുത്ത ദിവസം രോഗകളുടെ എണ്ണം 80,000 കടന്നു. അന്നത്തെ രോഗ മുക്തി നിരക്ക് 61.48 ശതമാനമായി ഉയരുകയും ചെയ്തു. ജൂണ്‍ 29ന് അത് 66.03ആയി വീണ്ടും ഉയര്‍ന്നു. 

ജൂണ്‍ 15നും ജൂണ്‍ 29നും ഇടയില്‍ 40,012 രോഗികളാണ് ഡല്‍ഹിയില്‍ സുഖം പ്രാപിച്ചത്. ജൂണ്‍ 20ന് മാത്രം 7,725 രോഗികള്‍ കോവിഡ് മുക്തരായി. ഈ സമയത്ത് ഡല്‍ഹിയില്‍ 44,015 കേസുകള്‍ കൂടി. 13 ദിവസം 40 ശതമാനം മാത്രമായിരുന്ന ഡല്‍ഹിയിലെ രോഗ മുക്തി നിരക്ക് ജൂണ്‍ 18ന് 42.69 ആയി ഉയര്‍ന്നു. 

കേസുകളുടെ കുതിച്ചു ചാട്ടത്തിനിടയില്‍ ഡല്‍ഹിയില്‍ പരിശോധന വേഗത്തിലാക്കിയതാണ് രോഗ മുക്തി നിരക്ക് കൂടാന്‍ കാരണമായത്. വൈറസിന്റെ വ്യാപനം കണ്ടെത്താന്‍ സീറോളജിക്കല്‍ സര്‍വേ അടക്കമുള്ള നടപടികളും ഡല്‍ഹിയില്‍ നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com