യുനാനി ചികിത്സകന്‍ കോവിഡ് ബാധിച്ച് മരിച്ചു, 14 ലക്ഷത്തിന്റെ ആശുപത്രി ബില്‍ കണ്ട് ബന്ധുക്കള്‍ ഞെട്ടി

ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്തിന് സ്വകാര്യ ആശുപത്രി നല്‍കിയത് ഭീമമായ ബില്‍
യുനാനി ചികിത്സകന്‍ കോവിഡ് ബാധിച്ച് മരിച്ചു, 14 ലക്ഷത്തിന്റെ ആശുപത്രി ബില്‍ കണ്ട് ബന്ധുക്കള്‍ ഞെട്ടി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്തിന് സ്വകാര്യ ആശുപത്രി നല്‍കിയത് ഭീമമായ ബില്‍. ചികിത്സാ ചെലവിനത്തില്‍ 14 ലക്ഷം രൂപ അടയ്ക്കാനാണ് സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടത്. സംഭവം വിവാദമായതോടെ ഭീമമായ ബില്ലിനെ കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

യുനാനി ചികിത്സകനായ നോയിഡ സ്വദേശി ഞായറാഴ്ചയാണ് കോവിഡ് ബാധിച്ച് മരിച്ചത്. നോയിഡയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലായിരുന്നു ചികിത്സ. ജൂണ്‍ ഏഴിനാണ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം വഷളായതിനെ തുടര്‍ന്ന് 15 ദിവസമാണ് വെന്റിലേറ്ററില്‍ കഴിഞ്ഞത്.

ചികിത്സാ ചെലവിനത്തില്‍ 14 ലക്ഷം രൂപ അടയ്ക്കാനാണ് ആശുപത്രി ആവശ്യപ്പെട്ടത്. ഇന്‍ഷുറന്‍സ് കിഴിച്ച് 10.2 ലക്ഷം രൂപ അടച്ചാല്‍ മതിയെന്ന് പിന്നീട് പറഞ്ഞു. കൂടാതെ ചികിത്സയുടെ ഭാഗമായി 25000 രൂപ ആശുപത്രിയില്‍ കെട്ടിയിരുന്നു. സംഭവം വിവാദമായതോടെ സര്‍ക്കാരിന്റെ ആരോഗ്യപദ്ധതി അനുസരിച്ചുളള തുക മാത്രമേ ഈടാക്കിയിട്ടുളളുവെന്ന് ആശുപത്രി പറഞ്ഞു. ചികിത്സയുടെ ഓരോ ഘട്ടത്തിലും ബന്ധുക്കളെ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് വരുന്ന ചെലവിനെ കുറിച്ചും അറിയിച്ചിരുന്നു. രോഗി ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചിരുന്നതായും ആശുപത്രി വ്യക്തമാക്കുന്നു. സുതാര്യമായ രീതിയിലാണ് ബില്‍ തയ്യാറാക്കിയതെന്നും ആശുപത്രി അവകാശപ്പെടുന്നു.

സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് വിഷയം പരിശോധിക്കുമെന്ന് ഗൗതം ബുദ്ധ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ഇതിനായി ആരോഗ്യവിഭാഗത്തെ ചുമതലപ്പെടുത്തിയതായും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

ആരോഗ്യവകുപ്പ് നല്‍കിയിട്ടുളള മാര്‍ഗനിര്‍ദേശം അനുസരിച്ച് മാത്രമേ ചികിത്സയ്ക്ക് ചാര്‍ജ് ഈടാക്കാന്‍ പാടുളളൂ. പരമാവധി ഈടാക്കാവുന്ന തുക സംബന്ധിച്ച് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഐസിയുവില്‍ കഴിയുന്ന വ്യക്തിയില്‍ നിന്ന് പ്രതിദിനം പരമാവധി 10000 രൂപ വരെ മാത്രമേ ഈടാക്കാവൂ. വെന്റിലേറ്ററില്‍ ഇത് 5000ആണെന്നും ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com