സിന്ദൂരം ധരിക്കാന്‍ വിസമ്മതിക്കുന്നത് വിവാഹം അംഗീകരിക്കാത്തതിന് തുല്യം; യുവാവിന് വിവാഹ മോചനം അനുവദിച്ചു, വിചിത്ര നിരീക്ഷണവുമായി ഹൈക്കോടതി

ഹിന്ദു ആചാരപ്രകാരം സിന്ദൂരം ധരിക്കാന്‍ വിസമ്മതിക്കുന്നത് ഭാര്യ വിവാഹം അംഗീകരിക്കാന്‍ തയ്യാറാകാത്തതിന് തുല്യമാണെന്ന് ഗുവാഹത്തി ഹൈക്കോടതിയുടെ വിചിത്ര നിരീക്ഷണം.
സിന്ദൂരം ധരിക്കാന്‍ വിസമ്മതിക്കുന്നത് വിവാഹം അംഗീകരിക്കാത്തതിന് തുല്യം; യുവാവിന് വിവാഹ മോചനം അനുവദിച്ചു, വിചിത്ര നിരീക്ഷണവുമായി ഹൈക്കോടതി

ഗുവാഹത്തി: ഹിന്ദു ആചാരപ്രകാരം സിന്ദൂരം ധരിക്കാന്‍ വിസമ്മതിക്കുന്നത് ഭാര്യ വിവാഹം അംഗീകരിക്കാന്‍ തയ്യാറാകാത്തതിന് തുല്യമാണെന്ന് ഗുവാഹത്തി ഹൈക്കോടതിയുടെ വിചിത്ര നിരീക്ഷണം. വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. തന്നെ ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്ന് പീഡിപ്പിക്കുന്നതായുളള യുവതിയുടെ പരാതി നിലനില്‍ക്കുന്നതല്ലെന്നും കോടതി ഉത്തരവിട്ടു.

യുവതിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കുടുംബ കോടതിയില്‍ കേസ് കൊടുത്തിരുന്നു. യുവതിയുടെ ഭാഗത്ത് നിന്ന് ഒരു തരത്തിലുമുളള ക്രൂരത ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബ കോടതി യുവാവിന്റെ ഹര്‍ജി തളളി. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് അജയ് ലാബയും ജസ്റ്റിസ് സൗമിത്ര സൈകിയും അംഗങ്ങളായുളള രണ്ടംഗ ബെഞ്ചാണ് യുവാവിന് വിവാഹ മോചനം അനുവദിച്ചത്.

സിന്ദൂരം ധരിക്കാന്‍ തയ്യാറാവാത്തത് താന്‍ അവിവാഹിതയാണെന്ന് ബോധ്യപ്പെടുത്താനുളള ശ്രമത്തിന്റെ ഭാഗമാണ്. ഭര്‍ത്താവുമായുളള വിവാഹത്തെ അംഗീകരിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രവൃത്തി. ഭര്‍ത്താവുമായി കുടുംബ ജീവിതം ആഗ്രഹിക്കുന്നില്ല എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നതെന്നും യുവാവിന് വിവാഹ മോചനം അനുവദിച്ചു കൊണ്ടുളള ഉത്തരവില്‍ കോടതി നിരീക്ഷിച്ചു.

2012ലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഉടനെ തന്നെ, ഭര്‍ത്താവിന്റെ കുടുംബക്കാരുമായി ഒത്തുപ്പോകാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് ഇരുവരും വഴക്കായി. തുടര്‍ന്ന് 2013 ല്‍ ഇരുവരും പിരിഞ്ഞു കഴിയാന്‍ തുടങ്ങി. അതിനിടെ ഭര്‍ത്താവും ഭര്‍ത്താവിന്റെ കുടുംബക്കാരും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുന്നു എന്ന് കാണിച്ച് യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഈ ആരോപണം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരില്‍ ക്രിമിനല്‍ കേസ് എടുക്കുന്നത് സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് ക്രൂരതയാണ്. വയസായ അമ്മയെ നോക്കുക എന്ന അടിസ്ഥാനപരമായ കര്‍ത്തവ്യത്തില്‍ നിന്ന് ഭര്‍ത്താവിനെ അകറ്റാന്‍ ശ്രമിച്ച ഭാര്യയുടെ നടപടി കുടുംബ കോടതി അവഗണിച്ചു. ഭാര്യയുടെ ഇത്തരം പ്രവൃത്തികള്‍ തന്നെ ക്രൂരതയ്ക്കുളള തെളിവാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com