ഡല്‍ഹി കലാപം: 903 പേരെ അറസ്റ്റ് ചെയ്‌തെന്ന് ഡല്‍ഹി പൊലീസ്, 254 എഫ്‌ഐആര്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 01st March 2020 08:58 PM  |  

Last Updated: 01st March 2020 08:58 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 903 ആയി. ഇതുവരെ 254 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും ഡല്‍ഹി പൊലീസ് അറിയിച്ചു. ഇതില്‍ 41 കേസുകള്‍ ആയുധം കൈവശം വച്ചതുമായി ബന്ധപ്പെട്ടാണ്. ഡല്‍ഹി കലാപത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

നിലവില്‍ ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. കഴിഞ്ഞ നാലുദിവസമായി കലാപവുമായി ബന്ധപ്പെട്ട് ഫോണ്‍വിളികള്‍ ഒന്നും വന്നിട്ടില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളിലെല്ലാം ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയ അടക്കം പരിശോധിച്ചുവരികയാണ്. സംശയം തോന്നിയ ചില സോഷ്യല്‍മീഡിയ പേജുകള്‍ ബ്ലോക്ക് ചെയ്തതായും ഡല്‍ഹി പൊലീസ് അറിയിച്ചു. 

കലാപത്തിനിടെ, പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത ചുവന്ന ടീ ഷര്‍ട്ട് ധരിച്ച യുവാവിനെ തിരിച്ചറിയുന്നതിനുളള അന്വേഷണം തുടരുകയാണ്. 33 വയസ് തോന്നിക്കുന്ന യുവാവ് സീലാംപൂര്‍ സ്വദേശിയാണെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.