ഡല്‍ഹി കലാപം: അഴുക്കുചാലില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണ്യസംഖ്യ 45

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2020 05:01 PM  |  

Last Updated: 01st March 2020 05:01 PM  |   A+A-   |  

 


ന്യൂഡല്‍ഹി: ഡല്‍ഹി കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് വീണ്ടും മൃതദേഹങ്ങള്‍ കണ്ടെത്തി. ദയാല്‍പുരി പൊലീസ് സ്‌റ്റേഷനടുത്തുള്ള അഴുക്കുചാലില്‍ നിന്നാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങള്‍ ആര്‍.എം.എല്‍ ആശുപത്രിയിലേക്ക് മാറ്റി.

ഡല്‍ഹിയില്‍ 42 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇന്ന് കണ്ടെത്തിയവര്‍ കലാപത്തിനിടെയാണോ മരിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മയുടെ മൃതദേഹവും ചന്ദ്ബാഗിലെ അഴുക്കുചാലില്‍ നിന്ന് കണ്ടെത്തിയിരുന്നു.

കലാപത്തിന് ശേഷം വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് മടങ്ങുക്കൊണ്ടിരിക്കുകയാണ്. ഭീതിയില്‍ നിന്നും മുക്തി നേടി ജനങ്ങള്‍ തെരുവുകളില്‍ സജീവമായി തുടങ്ങി. കടകമ്പോളങ്ങള്‍ ചെറിയ രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി.

കലാപത്തിനിരകളായവര്‍ക്കായി കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും. മുടങ്ങിയ പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും. വീടുകള്‍ ഉപേക്ഷിച്ച് പോയവരെ തിരികെ കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കലാപത്തിന് ഇരയായവര്‍ക്ക് രാത്രി സുരക്ഷിതമായി തങ്ങാനുള്ള താത്കാലിക സൗകര്യം സര്‍ക്കാര്‍ ഒരുക്കും. കലാപത്തിന് ഇരയായവരുടെ വീടുകളില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടുമാര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും.

കലാപത്തിന് ഇരയായവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഞായറാഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങും. നഷ്ടപരിഹാരം ആവശ്യപ്പെട്ടുന്ന 69 അപേക്ഷകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്.