വെറും 30രൂപയ്ക്ക് ഫുള്‍ പ്ലേറ്റ് ചിക്കന്‍; ഇടിച്ചുകയറി ജനം; വന്‍ ഗതാഗതക്കുരുക്ക്; മണിക്കൂറിനുള്ളില്‍ തീര്‍ന്നത് 1000കിലോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2020 03:10 PM  |  

Last Updated: 01st March 2020 03:10 PM  |   A+A-   |  

 

ലഖ്‌നോ: അവിശ്വസിക്കേണ്ടതില്ല ഒരു ഫുള്‍ പ്ലെയിറ്റ് ചിക്കന് 30 രൂപമാത്രം. കൊറോണ ഭീതിയെ തുടര്‍ന്ന് ആളുകള്‍ ചിക്കന്‍ ഒഴിവാക്കുന്ന സാഹചര്യത്തിലാണ് പൗള്‍ട്രി അസോസിയേഷന്‍ ചിക്കന്‍ മേള സംഘടിപ്പിച്ചത്. ഗൊരഖ്പൂരിലാണ് ചിക്കന്‍മേള സംഘടിപ്പിച്ചത്.

കോഴികളില്‍ നിന്നാണ് കൊറോണ രോഗം പടരുന്നതെന്ന് പ്രചാരണം ശക്തമായതിന് പിന്നാലെയാണ് ശനിയാഴ്ച പൗള്‍ട്രി അസോസിയേഷന്‍ ചിക്കന്‍ മേള സംഘടിപ്പിച്ചത്. കഴിഞ്ഞ ഒരുമാസമായി വ്യാജപ്രചാരണത്തെ തുടര്‍ന്ന് യുപിയിലെ ജനങ്ങള്‍ കോഴിയിറച്ചി കഴിക്കുന്നത് നിര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം ഒരു പരിപാടിയിലൂടെ ആളുകള്‍ ചിക്കന്‍ കഴിക്കാനായി സംഘാടകര്‍ ക്ഷണിച്ചത്. കൂടാതെ മട്ടനും മത്സ്യവും കഴിച്ചാല്‍ കൊറോണ പകരില്ലെന്നും മേളയുടെ സംഘാടകര്‍ പറഞ്ഞു.

മേളയ്ക്കായി ആയിരം കിലോ ചിക്കനാണ് സംഘാടകര്‍ പാകം ചെയ്തത്. ആളുകളുടെ തിരക്ക് കാരണം മണിക്കൂറുകള്‍ക്കുള്ളില്‍ മുഴുവന്‍ ചിക്കനും വിറ്റുപോയെന്ന് സംഘാടകര്‍ പറയുന്നു. ഗൊരഖ്പൂര്‍ റയില്‍വെ സ്റ്റേഷന് സമീപമായിരുന്നു മേള സംഘടിപ്പിച്ചത്. മേളയിലെ ജനബാഹുല്യം കൊണ്ട് റോഡുകളിലെല്ലാം നീണ്ട ഗതാഗതാക്കുരുക്ക് അനുഭവപ്പെട്ടു.