പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സംഭാവന ചോദിച്ചവര്‍ വെളളം ആവശ്യപ്പെട്ടു, അടുക്കളയില്‍ നിന്നെത്തിയപ്പോള്‍ അവര്‍ സോഫയില്‍, ഒറ്റനോട്ടത്തില്‍ ബോധം പോയി, ഒരു ലക്ഷം തട്ടി; 'ഹിപ്‌നോട്ടൈസ്' ചെയ്തവര്‍ക്കായി വല വിരിച്ച് പൊലീസ്

ഗുജറാത്തില്‍ ഹോളി ആഘോഷത്തിന്റെ സംഘാടകര്‍ എന്ന വ്യാജേന വീട്ടമ്മയെ ഹിപ്‌നോട്ടൈസ് ചെയ്ത് ഒരു ലക്ഷം മൂല്യം വരുന്ന സ്വര്‍ണവും പണവും തട്ടിയെടുത്തതായി പരാതി

അഹമ്മദാബാദ്: ഗുജറാത്തില്‍ ഹോളി ആഘോഷത്തിന്റെ സംഘാടകര്‍ എന്ന വ്യാജേന വീട്ടമ്മയെ ഹിപ്‌നോട്ടൈസ് ചെയ്ത് ഒരു ലക്ഷം മൂല്യം വരുന്ന സ്വര്‍ണവും പണവും തട്ടിയെടുത്തതായി പരാതി. ഇത്തരത്തിലുളള നിരവധി കേസുകളില്‍ പ്രതികളായ തട്ടിപ്പുകാരെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു.

അഹമ്മദാബാദിലെ വസ്ത്രാപൂര്‍ മേഖലയിലാണ് സംഭവം.54 വയസുകാരിയായ കുന്ദന്‍ബെന്‍ പട്ടേലിന്റെ ഫ്‌ലാറ്റിലാണ് മോഷണം നടന്നത്. ഈസമയത്ത് വീട്ടില്‍ കുന്ദന്‍ബെന്‍ പട്ടേലിനൊപ്പം മകന്‍ മാത്രമേ കൂടെയുണ്ടായിരുന്നുളളൂ.ഹോളി ആഘോഷത്തിന് സംഭാവന പിരിക്കാന്‍ എത്തിയവര്‍ എന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. കുന്ദന്‍ബെന്‍ പട്ടേലിനെ ഹിപ്‌നോട്ടൈസ് ചെയ്ത ശേഷം സ്വര്‍ണ ചെയിനും ഡയമണ്ടില്‍ തീര്‍ത്ത മോതിരവും പണവുമാണ് മോഷ്ടാക്കള്‍ കവര്‍ന്നതെന്ന് പൊലീസ് പറയുന്നു.

വെളളിയാഴ്ച രാവിലെയാണ് ഹോളിയുടെ സംഘാടകര്‍ എന്ന് നടിച്ച് ഫ്‌ലാറ്റിലെത്തിയത്. സംഭാവനയുടെ കാര്യം പറയാന്‍ മുറിയിലുളള മകന്റെ അടുത്ത് പോയി തിരിച്ചുവന്ന കുന്ദന്‍ ബെന്‍ പട്ടേലിനോട് വീട്ടില്‍ ആരൊക്കേ ഉണ്ടെന്ന് പ്രതികള്‍ ചോദിച്ചു. താനും മകനും മാത്രമേയുളളൂ എന്ന് മറുപടി നല്‍കി. അതിനിടെ മോഷ്ടാക്കളില്‍ ഒരാള്‍ കുടിക്കാന്‍ വെളളം ചോദിച്ചു. അടുക്കളയില്‍ പോയി തിരിച്ചുവരുമ്പോള്‍ ഫ്‌ലാറ്റിന്റെ വെളിയില്‍ നിന്നിരുന്ന പ്രതികള്‍ ഹാളില്‍ സോഫയില്‍ ഇരിക്കുന്നതാണ് കണ്ടത്. അവരുടെ മുന്നില്‍ നില്‍ക്കുന്നത് മാത്രമേ ഓര്‍മ്മയുളളൂവെന്ന് കുന്ദന്‍ബെന്‍ പട്ടേല്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

അരമണിക്കൂര്‍ കഴിഞ്ഞ് മുറിയുടെ പുറത്ത് വന്ന് മകന്‍ അന്വേഷിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഹിപ്‌നോട്ടൈസ് ചെയ്തതിനെ തുടര്‍ന്ന് അല്‍പ്പനേരം സ്ഥലകാല ബോധ നഷ്ടമായ കുന്ദന്‍ബെന്‍ പട്ടേലിന് പ്രതികള്‍ ഫ്‌ലാറ്റില്‍ നിന്ന് പുറത്തുപോയത് പോലും ധാരണയില്ലെന്ന് പൊലീസ് പറയുന്നു.സിസിടിവി ക്യാമറയില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പറിന്റെ ഒരു ഭാഗം പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com